KeralaLatest

കൊവിഡ് പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കണം; മന്ത്രി വി. ശിവന്‍കുട്ടി

“Manju”

തിരുവനന്തപുരം: ജില്ലയിലെ എല്ലാ ആശുപത്രികളിലും കൊവിഡ് പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാന മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവര്‍ നേതൃത്വം നല്‍കി.
ജില്ലയിലെ ആശുപത്രികളിലെ സ്ഥിതിഗതികള്‍ ബന്ധപ്പെട്ട മെഡിക്കല്‍ സൂപ്രണ്ടുമാര്‍ വിശദീകരിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, എസ്.എ.ടി എന്നിവടയടക്കം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കൊവിഡ് പ്രതിരോധ സാമഗ്രികള്‍ 24 മണിക്കൂറും ഉണ്ടെന്ന് ഉറപ്പാക്കണമെന്നാണ് കെ.എം.എസ്.സി.എല്ലിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

പി.പി.ഇ കിറ്റ്, എന്‍ 95 മാസ്‌ക്, ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്, ഹാന്‍ഡ് സാനിറ്റൈസര്‍, ഫെയ്സ് ഷീല്‍ഡ്, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങിയവയാണ് കോര്‍പ്പറേഷന്‍ ഉറപ്പാക്കേണ്ടത്. രോഗികളുടെ എണ്ണം അനുസരിച്ച്‌ രണ്ടു ദിവസത്തേക്കുള്ള മുന്‍കൂര്‍ സ്റ്റോക്ക് എല്ലാ ആശുപത്രികളിലും ഉണ്ടായിരിക്കണം. ഇവ ശേഖരിച്ചു വയ്ക്കാനുള്ള സൗകര്യം ആശുപത്രികള്‍ സജ്ജമാക്കണം. ആശുപത്രികളിലെ കൊവിഡ് പ്രതിരോധ സാമഗ്രികളുടെ സ്റ്റോക്ക് എന്നും അവലോകനം ചെയ്യാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിരോധ സമാഗ്രികളുടെ ഗുണനിലവാരവും കെ.എം.എസ്.സി.എല്‍ ഉറപ്പാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു, കെ.എം.എസ്.സി.എല്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ്, വിവിധ ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button