KeralaLatest

ഓർമ്മകളിലെ ഓച്ചിറക്കളി

“Manju”

ഓച്ചിറ: ഇന്ന് മിഥുനം ഒന്ന്. കോരിച്ചൊരിയുന്ന മഴയിൽ മൂവായിരത്തോളം യോദ്ധാക്കൾ പട വെട്ടേണ്ട പടനിലം ഇന്ന് ഓർമ്മകളിൽ ആശ്വസിക്കുന്നു. കേരളത്തിലെ മറ്റ് ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ദക്ഷിണകാശി എന്നറിയപ്പെടുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രം. ഓച്ചിറ പരബ്രഹ്മ ക്ഷേത്രപരിസരത്തുള്ള പ്രസിദ്ധമായ തൂവിനേത്തു കുടുംബത്തിലെ ഇപ്പോഴത്തെ കാരണവർ ബി.ചന്ദ്രമോഹൻ ഓർമ്മകൾ പങ്കു വെച്ചു.

രണ്ട് നൂറ്റാണ്ട് മുമ്പ് കായംകുളം രാജാവും വേണാട് രാജാവും തമ്മിൽ നിരവധി യുദ്ധങ്ങൾ നടന്ന വേദിയാണ് ഓച്ചിറ പടനിലം. യുദ്ധങ്ങളുടെ സ്മരണ നിലനിർത്താനായി വർഷംതോറും മിഥുനം ഒന്ന് രണ്ട് തീയതികളിൽ ഓച്ചിറക്കളി നടത്തിവരുന്നു. ശ്രീകോവിലോ പ്രതിഷ്ഠയോ ഇല്ലാത്ത ക്ഷേത്രം. ശൈവ-വൈഷ്ണവ സങ്കൽപ്പത്തിലുള്ള രണ്ട് ആൽ തറകളും കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്രസങ്കൽപം.
അഗതികളും അനാഥരും ആയ ധാരാളം ആൾക്കാരുടെ അഭയകേന്ദ്രമാണ് ഇവിടം. അന്നദാനം തന്നെ പ്രധാന വഴിപാട്.
ഹൈന്ദവ ധർമ്മത്തിലെ ‘ഈശ്വരൻ’എന്ന് പറയപ്പെടുന്ന പരമാത്മാവ് അഥവാ അരൂപിയായ നിർഗുണ പരബ്രഹ്മം തന്നെയാണ് ഇവിടുത്തെ ആരാധനമൂർത്തി. മണ്ണ് പ്രസാദമായി നൽകുന്ന മറ്റൊരു സവിശേഷത കൂടിയുണ്ട് ഈ മഹാക്ഷേത്രത്തിന്.

കഴിഞ്ഞ വർഷം പോലെ തന്നെ ഈ വർഷവും ആചാര ചടങ്ങുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നു ഓച്ചിറക്കളി.
ഓണാട്ടുകരയിലെ കാർത്തികപ്പള്ളി,കരുനാഗപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകൾ നിന്നുമുള്ള മൂവായിരത്തോളം കളരി യോദ്ധാക്കൾ പടനിലത്ത് അങ്കം വെട്ടുമായിരുന്നു. തലപ്പാവും പടച്ചട്ടയുമണിഞ്ഞു കയ്യിൽ വാളും പരിചയം ഏന്തിയ യോദ്ധാക്കൾ അക്ഷരാർത്ഥത്തിൽ പടനിലം യുദ്ധക്കളമാക്കും. 41 ദിവസത്തെ വൃതത്തിനും പരിശീലനത്തിനും ശേഷമാണ് യോദ്ധാക്കൾ പടക്കളത്തിൽ എത്തുന്നത്. ആദ്യകാലങ്ങളിൽ ഓച്ചിറക്കളിക്ക് ഇരുതലമൂർച്ചയുള്ള ‘കായംകുളം വാൾ’ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് അലക് കൊണ്ടുള്ള വാളും കൃത്രിമ പരിചയുമാണ് ഉപയോഗിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആചാരം മാത്രമായി ഓച്ചിറക്കളി ചൊവ്വ, ബുധൻ ദിവസങ്ങളിൽ പടനിലത്ത് നടക്കും.കിഴക്കും പടിഞ്ഞാറും കരകളുടെ പ്രതിനിധികളായ 10 യോദ്ധാക്കൾ പങ്കെടുക്കും. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കളിയിൽ പങ്കെടുപ്പിക്കുകയുള്ളു.
പന്ത്രണ്ടു വിളക്ക്, ഇരുപത്തിയെട്ടം ഓണം,കാളകെട്ട്, ഓച്ചിറ കാള ഇതെല്ലാം ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്.

മണ്ണും മനുഷ്യനും പ്രകൃതിയും ഈശ്വരനും ഓംകാരമൂർത്തി തന്നെ എല്ലാം പരബ്രഹ്മത്തിൽ ലയിക്കുന്നു എന്നൊരു ദീർഘനിശ്വാസത്തോടെ ഒഴിഞ്ഞുകിടക്കുന്ന എട്ടുക്കണ്ട കരയിലേക്കും ഒണ്ടിക്കാവില്ലെ ക്കും കണ്ണുകൾ പായിച്ച് അദ്ദേഹം പറഞ്ഞു നിർത്തി.

അജിത് ജി. പിള്ള

 

Related Articles

Back to top button