KeralaLatestThiruvananthapuram

കൊവിഡ് ഭീതി: മൃഗശാലയിലെ നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചു

“Manju”

തിരുവനന്തപുരം: ചെന്നൈയിലെ വണ്ടല്ലൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കൊവിഡ് ബാധിച്ച്‌ സിംഹം ചത്തതിന് പിന്നാലെ തിരുവനന്തപുരം മൃഗശാലയിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ മാര്‍ച്ച്‌ 13നാണ് മൃഗശാലയില്‍ സന്ദര്‍ശകരെ ഒഴിവാക്കിയത്. ഒന്നാം തരംഗത്തിന് പിന്നാലെ കുറച്ചുനാള്‍ മൃഗശാല പ്രവര്‍ത്തിച്ചിരുന്നെങ്കിലും വരുമാനം കുറവായിരുന്നു. കോടികളുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. വണ്ടല്ലൂരില്‍ 13 സിംഹങ്ങളില്‍ 9 എണ്ണത്തിനാണ് കൊവിഡ‌് ബാധിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചത്. പുലി, കടുവ, സിംഹം തുടങ്ങിയവയെ പ്രത്യേകം കൂടുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവയുടെ ആഹാരക്രമവും നിയന്ത്രിച്ചിട്ടുണ്ട്. ഒരു ദിവസം സിംഹം, പുലി, കടുവ എന്നിവയ്‌ക്ക് അഞ്ചു കിലോ മുതല്‍ രണ്ട് കിലോ വരെ ബീഫാണ് ഭക്ഷണമായി നല്‍കുന്നത്.

നിലവില്‍ തിരുവനന്തപുരം മൃശാലയിലുള്ള രണ്ടു സിംഹങ്ങളെ കടുത്ത നിയന്ത്രണങ്ങളോടെയാണ് പരിപാലിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോള്‍ ഇവയുടെ ശ്രവമടക്കമുള്ള സാമ്പിളുകള്‍ ലാബുകളിലയച്ച്‌ പരിശോധന നടത്തുന്നുണ്ട്. കൊവിഡിനെ തുടര്‍ന്ന് തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. രണ്ട് ഷിഫ്റ്റുകളിലായി 27 പേര്‍ വീതമാണ് ഇപ്പോള്‍ ജോലിക്കെത്തുന്നത്. രണ്ടു ഡോസ് വാക്സിന്‍ എടുത്ത മൂന്ന് ജീവനക്കാരാണ് സിംഹങ്ങളെ പരിപാലിക്കുന്നത്. 24 മണിക്കൂറും കാമറയിലൂടെ മൃഗങ്ങളെ നിരീക്ഷിക്കുന്നുണ്ട് ഇതിനായി 300 കാമറകളാണ് പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരെയെല്ലാം വാക്‌സിനുള്ള മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യം മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിയെയും നേരിട്ട് ധരിപ്പിച്ചിട്ടുണ്ടെന്ന് മ്യൂസിയം ഡയറക്ടര്‍ പറഞ്ഞു. വൈറസ് വ്യാപനം തടയുന്നതിനുള്ള ബയോസെക്യൂരിറ്റി സംവിധാനത്തിലാണ് തിരുവനന്തപുരം മൃഗശാല പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ കഴിഞ്ഞ 12 വര്‍ഷമായി കുളമ്പുരോഗവും ഏഴ് വര്‍ഷമായി അണുബാധയും ചെറുക്കാന്‍ മൃഗശാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വൈറസ് ബാധയുണ്ടാകാതിരിക്കാന്‍ കര്‍ശന നിരീക്ഷണങ്ങളാണ് ഏര്‍പ്പെടുത്തിരിയിക്കുന്നത്.

Related Articles

Back to top button