KeralaLatest

ഓണ്‍ലൈന്‍ ഗെയിം: വിദ്യാര്‍ഥി നഷ്ടപ്പെടുത്തിയത് 3 ലക്ഷം രൂപ

“Manju”

ആലുവ: ഓണ്‍ലൈന്‍ ഗെയിമിലൂടെ ഒമ്പതാം ക്ലാസുകാരന്‍ നഷ്ടപ്പെടുത്തിയത് മൂന്നുലക്ഷത്തോളം രൂപ. ആലുവ സ്വദേശിയായ വിദ്യാര്‍ഥി അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍നിന്നാണ് ലക്ഷങ്ങള്‍ കളിച്ചുകളഞ്ഞത്. അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ടുവെന്ന വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക്ക് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിയുന്നത്. ഫ്രീ ഫയര്‍ എന്ന ഓണ്‍ലൈന്‍ ഗെയിമിലൂടെയാണ് വിദ്യാര്‍ഥി പണം നഷ്ടപ്പെടുത്തിയതെന്ന് സൈബര്‍ പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഒരേസമയം 40 മുതല്‍ 4,000 രൂപവരെ ചാര്‍ജ് ചെയ്താണ് കളിച്ചിരുന്നത്. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അമ്മയ്ക്ക് മനസ്സിലായത്.
ബോധവല്‍ക്കരണത്തിന് റൂറല്‍ ജില്ലാ പൊലീസ്
കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ബോധവല്‍ക്കരണവുമായി റൂറല്‍ ജില്ലാ പൊലീസ്. മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇടവേളകളില്‍ മൊബൈല്‍ഫോണ്‍ പരിശോധിക്കണം. മാതാപിതാക്കള്‍ക്കുകൂടി അറിയുന്ന യൂസര്‍ ഐഡിയും പാസ്വേഡുകളും മാത്രമേ ഉപയോഗിക്കാവൂ. പഠനാവശ്യത്തിനുമാത്രമേ മൊബൈല്‍ ഉപയോഗിക്കുന്നുള്ളൂവെന്നും നിരോധിച്ച ഗെയിമുകളും ആപ്പുകളും ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കണം. പരിചയമില്ലാത്ത ആപ്പുകള്‍ ഉപയോഗിക്കരുത്. പഠനാവശ്യത്തിനായി ഉപയോഗിക്കുന്ന ഫോണില്‍ പേരന്റല്‍ കണ്‍ട്രോള്‍ ഇ.മെയില്‍ ഉപയോഗിക്കണം. കൂടുതല്‍ സമയവും മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. ബാങ്ക് അക്കൗണ്ടുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കരുത്. പഠനാവശ്യങ്ങള്‍ക്ക് അധ്യാപകര്‍ അയക്കുന്ന ലിങ്കുകള്‍ മറ്റൊരാള്‍ക്കും പങ്കുവയ്ക്കരുതെന്നും ബോധവല്‍ക്കരണം ഉടന്‍ ആരംഭിക്കുമെന്നും എസ്പി അറിയിച്ചു.

Related Articles

Back to top button