Uncategorized

വ്യാജ മരുന്ന് നിർമ്മിച്ച് വിൽപ്പന; പത്തംഗ സംഘം പിടിയിൽ

“Manju”

ന്യൂഡൽഹി : ബ്ലാക്ക് ഫംഗസിന് വ്യാജ മരുന്ന് നിർമ്മിച്ച് വിൽപ്പന നടത്തിയ പത്ത് പേർ പിടിയിൽ. രണ്ട് ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘത്തെയാണ് ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഡോക്ടർമാരുടെ വീട്ടിൽ നിന്നും 3500 ഓളം വ്യാജ മരുന്ന് പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

ബ്ലാക്ക് ഫംഗസ് മരുന്ന് നിർമ്മിച്ച് വിൽക്കുകയാണ് ഇവർ ചെയ്തിരുന്നത്. ഒരു ഇൻജക്ഷന് 10000 മുതൽ 15000 രൂപ വരെ അത്യാവശ്യക്കാരിൽ നിന്നും സംഘം വാങ്ങിയിരുന്നു. ഇത്തരത്തിൽ 400 ഓളം ഇൻജക്ഷനുകൾ വിറ്റതായും പ്രതികൾ വെളിപ്പെടുത്തി.

ഡോ. അൽതമാസ്, ഡോ. അമീർ എന്നിവരാണ് വ്യാജ മരുന്നുകൾ നിർമ്മിച്ചിരുന്നത്. കൂടുതലായും ബ്ലാക്ക് ഫംഗസിന് ചികിത്സിയ്ക്കുന്ന മരുന്നായ ലിപോസൊമാൽ ആംഫോടെറിസിൻ ബി, റെംഡിസീവർ എന്നിവയുടെ വ്യാജ ഡോസുകളാണ് ഇവർ വിൽപ്പന നടത്തിയത്. പിടിച്ചെടുത്ത ചില മരുന്നുകളുടെ കാലാവധി കഴിഞ്ഞതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സംസ്ഥാനത്ത് വ്യാപകമായി വ്യാജ മരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന് പരാതി ലഭിച്ചിരുന്നു. ഇത്തരത്തിൽ വിൽപ്പന നടത്തുന്ന നിരവധി ആളുകളെ പോലീസ് പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ മരുന്ന് നിർമ്മിക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മെഡിക്കൽ ബിരുദം യഥാർത്ഥമാണോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

Related Articles

Back to top button