Uncategorized

ഹസ്സൻ റുഹാനി പടിയിറങ്ങുന്നു ; ഇനി ഇറാനിനെ നയിക്കുന്നത് ഇബ്രാഹിം റെയ്സി

“Manju”

ടെഹ്‌റാൻ : ഇറാൻ പ്രസിഡന്റ് ഹസ്സൻ റുഹാനി പടിയിറങ്ങുന്നു. ഇനി ഇറാനെ മുന്നിൽ നിന്ന് നയിക്കുക തീവ്ര ഇസ്ലാമികവാദിയായ ഇബ്രാഹിം റെയ്‌സി. ചീഫ് ജസ്റ്റിസ് കൂടിയായ ഇബ്രാഹിം റെയ്‌സി ഇറാനിലെ എട്ടാമത്തെ പ്രസിഡന്റായാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 61.95 ശതമാനം വോട്ടുനേടി റെയ്‌സി വിജയിച്ചതായി ആഭ്യന്തരമന്ത്രാലയമാണ് അറിയിച്ചത്.

യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള ആദ്യ പ്രസിഡന്റ് കൂടിയാണ് റെയ്‌സി. ആറു വൻശക്തിരാഷ്ട്രങ്ങളുമായുള്ള ഇറാൻ ആണവക്കരാറിലേക്ക് അമേരിക്കയെ തിരികെയെത്തിക്കാനുള്ള ചർച്ചകൾ ഓസ്ട്രിയയിലെ വിയന്നയിൽനടക്കുന്നതിനിടെയാണ് റെയ്‌സി പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. ഇത് ചർച്ചകളെ വളരെയധികം സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

തീവ്ര ഇസ്ലാമിക മത പണ്ഡിതനായ റെയ്‌സിയ്ക്ക് ഇറാൻ പരമോന്നത നേതാവ് അയാത്തൊള്ള അലി ഖമേനിയുമായി അടുത്ത ബന്ധമാണ് ഉള്ളത്. 2019 ൽ അദ്ദേഹം തന്നെയാണ് റെയ്‌സിയെ ചീഫ് ജസ്റ്റിസായി നിയമിച്ചത്. ഖമേനിയുടെ പിൻഗാമിയായി റെയ്‌സി എത്തും എന്ന അഭ്യൂഹങ്ങളും നേരത്തെ തന്നെ പടർന്നു പിടിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് പദവിയിലെത്തി മാസങ്ങൾക്കുള്ളിൽ യുഎസ് റെയ്‌സിയ്ക്ക് ഉപരോധം ഏർപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ തടവുകാരെ ഏറ്റവുമധികം വധശിക്ഷയ്ക്ക് വിധിച്ചത് ഉൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ചെയ്തതിനാലാണ് യുഎസ് റെയ്‌സിയ്ക്ക് ഉപരോധം ഏർപ്പെടുത്തിയത്. 1980 ൽ ജഡ്ജിയായിരുന്ന കാലത്ത് 5000 ത്തോളം തടവുകാരെയാണ് റെയ്‌സി ഉൾപ്പെടെയുള്ള നാല് ജഡ്ജിമാർ വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ ഇത് തുറന്ന് സമ്മതിക്കാൻ ഇറാൻ ഒരിക്കലും തയ്യാറായിട്ടില്ല. കൂട്ടക്കൊലയിൽ തനിയ്ക്കുള്ള പങ്ക് വ്യക്തമാക്കാനും റെയ്‌സി മുതിർന്നിട്ടില്ല.

Related Articles

Back to top button