KeralaLatest

81-ാം വയസ്സിലും കെ.എന്‍. അനിരുദ്ധന് എഴുത്ത് ഹരം

“Manju”

പത്തനംതിട്ട: 81-ാം വയസ്സിലും എഴുത്തും വായനയും ഹരമാക്കി കെ.എന്‍. അനിരുന്ധന്‍. പേനയാണെന്റെ ആയുധമെപ്പോഴും, പേനയാണെന്റെ വാളെന്നും കെ.എന്‍ അനിരുദ്ധന്റെ വരികളാണിത്. ഇതുവരെ മൂവായിരത്തിലേറെ കവിതകള്‍ എഴുതിക്കഴിഞ്ഞു. എഴുതിയതത്രയും നോട്ട് ബുക്കില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഇപ്പോഴും മുടങ്ങാതെ എഴുതിക്കൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് കവിതകള്‍ ഫേസ് ബുക്കിലും വാട്സ്‌ആപ്പിലും പ്രത്യക്ഷപ്പെടാറുണ്ട്. പത്തനംതിട്ട കല്ലറകടവ് വടക്കേമുറിയില്‍ അനിരുദ്ധന് സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എഴുത്തിനോട് താല്‍പര്യമുണ്ട്. ജോലി സംബന്ധമായി ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ചിലതൊക്കെ പ്രസിദ്ധീകരിച്ചതൊഴിച്ചാല്‍ മറ്റൊരു കവിതയും പുറംലോകം കണ്ടിട്ടില്ല.
ഭീമമായ തുക താങ്ങാന്‍ കഴിയാത്തതിനാലാണ് കവിത പ്രസിദ്ധീകരണത്തിലേക്ക് കടക്കാത്തതെന്ന് അനിരുദ്ധന്‍ പറയുന്നു. അമ്പത് പേജുള്ള ഒരു ബുക്ക് പ്രസിദ്ധീകരിക്കാന്‍ 30,000 രൂപയാണ് ചോദിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതിനാല്‍ അത് വേണ്ടെന്ന് െവച്ചു. പ്രകൃതി, മാതൃത്വം, രാഷ്ട്രീയം, കാലം, മാറ്റങ്ങള്‍ എന്നിവയാണ് കവിതയുടെ പ്രധാന വിഷയങ്ങള്‍. സംസ്കൃതം, മണിപ്രവാളം, അറബി, ഇംഗ്ലീഷ്, ബംഗാളി, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകള്‍ എഴുതാനും വായിക്കാനും അറിയാം.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ എഴുതാറുണ്ട്. ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങാണ് പഠിച്ചത്. ഇപ്പോള്‍ വാര്‍ധക്യത്തില്‍ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. ഇപ്പോഴത്തെ കുട്ടികള്‍ പുസ്തകങ്ങള്‍ വാങ്ങി വായിക്കണമെന്ന അഭിപ്രായമാണ് അനിരുദ്ധന്. വായന എന്ന അനുഭവം ഒന്നുവേറെയാണെന്നും അദ്ദേഹം പറയുന്നു. കിട്ടുന്ന പുസ്തകങ്ങളും ആനുകാലികങ്ങളും ഇതിനിടയില്‍ വായിക്കും. കവിതകള്‍ എന്നെങ്കിലും പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അനിരുദ്ധന്‍. ഭാര്യ പരേതയായ ജൈനമ്മ. മക്കള്‍ : അശോക്, മനു.

Related Articles

Back to top button