International

മൃഗശാലയിൽ ആനയ്ക്ക് ദാരുണാന്ത്യം

“Manju”

ലണ്ടൻ: ബ്രിട്ടണിലെ മൃഗശാലയിൽ പാർപ്പിച്ചിരുന്ന കൊമ്പനാന മറ്റൊരു ആനയുടെ ആക്രമണത്തിൽ ചരിഞ്ഞു. നോർത്ത് സോമർസെറ്റിന് സമീപത്തുള്ള ആർക്ക് സൂ ഫാമിലെ എംചാങ്ക എന്ന ആഫ്രിക്കൻ ആനയാണ് ചരിഞ്ഞത്. ഇന്നലെ പുലർച്ചെ ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു സംഭവം. സഫാരി പാർക്കിലും മൃഗശാലകളിലും ആനകളെ പാർപ്പിക്കുന്നത് നിരോധിക്കാൻ പദ്ധതിയിടുന്നതായി ഭരണകൂടം അറിയിച്ചതിന് പിന്നാലെയാണ് സംഭവം നടക്കുന്നത്.

എംചാങ്കയ്ക്ക് പുറമെ ജാനാ, ഷാതു എന്നിങ്ങനെ രണ്ട് കൊമ്പനാനകളാണ് ഫാമിലുള്ളത്. എന്നാൽ ആക്രമിച്ച ആന ഏതാണെന്ന് മൃഗശാലയിലെ അധികൃതർ അറിയിച്ചിട്ടില്ല. 20 ഏക്കർ സ്ഥലത്താണ് ആനകളെ പാർപ്പിച്ചിരിക്കുന്നത്. ഇവയുടെ പരിപാലനത്തിനായി പ്രത്യേകം സംഘത്തേയും മൃഗശാലയിൽ നിയോഗിച്ചിട്ടുണ്ട്.

മറ്റ് രണ്ട് ആനകൾക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ലെന്നും എംചാങ്കയുടെ വിയോഗത്തിൽ ജീവനക്കാർ ഏറെ ദുഖത്തിലാണെന്നും മൃഗശാലയിലെ അധികൃതർ അറിയിച്ചു. 2014ലാണ് എംചാങ്കയേയും ജാനായേയും മൃഗശാലയിൽ എത്തിയ്ക്കുന്നത്. മൂന്ന് ആനകളും സൗഹൃദത്തിലായിരുന്നുവെന്നും ജീവനക്കാർ കൂട്ടിച്ചേർത്തു. സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button