InternationalLatest

യൂറോ കപ്പ്: പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

“Manju”

യൂറോ കപ്പ് ഫുട്ബോളില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം.രാത്രി 9:30 ന് നടക്കുന്ന മത്സരത്തില്‍ വെയില്‍സ് ഡെന്മാര്‍ക്കിനെ നേരിടും.അജയ്യരായ അസൂറിപ്പടയ്ക്ക് ഓസ്ട്രിയയാണ് എതിരാളി.രാത്രി 12:30 ന് വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം.
ഒന്‍പത് പതിറ്റാണ്ട് മുമ്ബ് വിക്റ്റോറിയോ പോസോയുടെ കീഴില്‍ ഇറ്റലി ടീം കുറിച്ച റെക്കോര്‍ഡ് കടപുഴക്കാന്‍ മാഞ്ചീനിയുടെ സെന്‍സേഷന്‍ സംഘം റെഡി. തുടര്‍ച്ചയായി 30 മത്സരങ്ങളില്‍ അജയ്യരായ നീലപ്പട പ്രീ ക്വാര്‍ട്ടറിലും ഫോം ആവര്‍ത്തിച്ചാല്‍ അത്യപൂര്‍വ്വ റെക്കോര്‍ഡ് കൈപ്പിടിയിലൊതുക്കും.
കഴിഞ്ഞ 11 മത്സരങ്ങളില്‍ ഒറ്റ ഗോള്‍ പോലും വഴങ്ങാതെയാണ് അസൂറികളുടെ വിസ്മയക്കുതിപ്പ്. ജിയാന്‍ലൂയിജി ബഫണിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയാണ് താനെന്ന് ഗോള്‍കീപ്പര്‍ ഡൊണ്ണാരുമ്മ തെളിയിച്ചു കഴിഞ്ഞു.
കില്ലീനിയും ബൊനൂച്ചിയും കോട്ട കെട്ടുന്ന പ്രതിരോധവും ജോര്‍ഗീഞ്ഞോയും ലോക്കാടെല്ലിയും കളി മെനയുന്ന മധ്യനിരയും ഇമൊബീലും, ഇന്‍സിഗ്നെയും ഉള്‍പ്പെട്ട മുന്നേറ്റനിരയും ഉജ്വല ഫോമിലാണ്. മാഞ്ചീനിയുടെ ചാണക്യ തന്ത്രങ്ങള്‍ കൂടിയാകുമ്ബോള്‍ കിരീടം വെക്കാത്ത രാജാക്കന്മാരാണ് ഇപ്പോള്‍ അസൂറിപ്പട .
ക്ലബ്ബ് ഫുട്ബോളിലെ സൂപ്പര്‍ താരം റയല്‍ മാഡ്രിഡിന്റെ ഡേവിഡ് അലാബ നയിക്കുന്ന ഓസ്ട്രിയയാണ് ഇറ്റലിക്ക് പ്രീ ക്വാര്‍ട്ടര്‍ എതിരാളി.സി ഗ്രൂപ്പില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രിയയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശം.
ഫ്രാങ്ക് ഫോഡ പരിശീലകനായ ഓസ്ട്രിയക്ക് അറ്റാക്കിങ് ഫുട്ബോള്‍ ശൈലിയോടാണ് കമ്ബം. ജര്‍മന്‍ ക്ലബ്ബ് ഹോഫെന്‍ഹെയിം താരം ക്രിസ്റ്റോഫ് ബൊംഗാര്‍ട്ട്ണറാണ് ടീമിലെ പ്ലേമേക്കര്‍. അട്ടിമറി വിജയത്തില്‍ കുറഞ്ഞൊന്നും ടീം ലക്ഷ്യമിടുന്നില്ല.
രാത്രി 9 :30 ന് ആംസ്റ്റര്‍ഡാം അരീനയില്‍ നടക്കുന്ന മത്സരത്തില്‍ ഗാരെത്ത് ബെയിലിന്റെ വെയില്‍സ് ക്രിസ്റ്റ്യന്‍ എറിക്സണിന്റെ സ്വന്തം ടീം ഡെന്മാര്‍ക്കിനെ നേരിടും.ബി ഗ്രൂപ്പില്‍ നിന്നും അവിശ്വസനീയ തിരിച്ചുവരവിലൂടെയാണ് ഡാനിഷ് ടീം അവസാന 16 ല്‍ ഇടം നേടിയത്.
പ്രതിഭകളുടെ നിറസാന്നിധ്യമാണ് ഡെന്മാര്‍ക്ക് ടീമിന്റെ കരുത്ത്.ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്മിഷേലിന്റെ വിസ്മയ രക്ഷപ്പെടുത്തലുകളും ടീമിന് മുതല്‍കൂട്ടാകും. അതേ സമയം ആറോണ്‍ റാംസിയാണ് വെല്‍ഷ് ടീമിന്‍ടെ പ്ലേമേക്കര്‍.
വിംഗുകളിലൂടെയുള്ള ബെയിലിന്റെ അതിവേഗത്തിലുള്ള മുന്നേറ്റങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ. ഡാനിയേല്‍ ജെയിം സാണ് ടീമിലെ സൂപ്പര്‍ സ്ട്രൈക്കര്‍. ചുവപ്പ് കാര്‍ഡ് കണ്ട എതന്‍ അമ്ബാടിന്റെ അസാന്നിധ്യം ഡെന്മാര്‍ക്കിനെതിരെ വെയില്‍സിന് തിരിച്ചടിയാകും. ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ രണ്ട് ടീമുകള്‍ ഏതെന്നറിയാന്‍ ഇനി ചെറിയ കാത്തിരിപ്പ് മാത്രം.

Related Articles

Back to top button