IndiaInternational

ബർമിസ് ഗ്രേപ്‌സ്; ആദ്യ ലോഡ് ദുബായിലേക്ക്

“Manju”

ഗുവാഹട്ടി : അസമിലെ കർഷകരുടെ അധിക വരുമാനത്തിനായി കൂടുതൽ വിളകൾ വിദേശത്തേക്ക് അയച്ച് കേന്ദ്രസർക്കാർ. സംസ്ഥാനത്തെ പ്രധാന ഫലമായ ബർമിസ് ഗ്രേപ്‌സിന്റെ (ലട്ടേക്കു) ആദ്യ ലോഡ് ദുബായിലേക്ക് കയറ്റി അയച്ചു. അഗ്രികൾച്ചർ ആൻഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌പോർട്ട് ഡവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നിന്നുമാണ് വിമാനത്തിൽ ബർമിസ് ഗ്രേപ്‌സ് കയറ്റി അയച്ചത്.

കയറ്റി അയക്കുന്നതിനുള്ള പഴങ്ങൾ ദരാംഗ് ജില്ലയിലെ സംഭരണ കേന്ദ്രത്തിലായിരുന്നു ശേഖരിച്ചത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ശേഖരിച്ച പഴങ്ങൾ ഇവിടെ നിന്നും പാക്ക് ചെയ്ത ശേഷം ഡൽഹിയിൽ എത്തിക്കുകയായിരുന്നു.

പോഷക സമ്പന്നമായ ബർമിസ് ഗ്രേപ്‌സ് ഉടൻ തന്നെ ദുബായിലെ വിപണിയിൽ താരമാകുമെന്നാണ് പ്രതീക്ഷ. വിപണിയിൽ ഫലത്തിന്റെ ആവശ്യം വർദ്ധിച്ചാൽ അത് കയറ്റുമതിയിലും വർദ്ധനവ് ഉണ്ടാകും. ഇത് കർഷകർക്ക് അധികവരുമാനം നേടിക്കൊടുക്കുമെന്നാണ് വിലയിരുത്തൽ.

വിറ്റാമിൻ സിയുടേയും, അയണിന്റെയും, കലവറയാണ് ബർമിസ് ഗ്രേപ്‌സ് എന്ന് എപിഇഡിഎ ചെയർമാൻ എം. അങ്കമുത്തു പറഞ്ഞു. വൃക്ഷങ്ങളിൽ ബർമിസ് ഗ്രേപുകൾ തൂങ്ങിക്കിടക്കുന്ന കാഴ്ച വളരെ മനോഹരമാണ്. അസമിൽ വളരെയധികം ലഭ്യമാകുന്ന ഫലം കയറ്റുമതി ചെയ്യുന്നത് വളരെ കുറവാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന വിളകളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇപ്പോഴുളള പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ സംസ്ഥാനത്ത് നിന്നും ചുവന്ന അരി, ചക്ക, നാരങ്ങ എന്നിവ കയറ്റുമതി ചെയ്യുന്നുണ്ട്. വിളകൾ പാക്ക് ചെയ്യുന്നതിനും ചരക്ക് ഗതാഗതത്തിനുമായി സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ടതായി വരുന്നുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ സഹായങ്ങൾ നൽകുന്നുണ്ടെന്നും അങ്കമുത്തു അറിയിച്ചു.

 

Related Articles

Back to top button