IndiaLatest

കോവിഡ്; ഇന്ത്യക്കാര്‍ക്ക് പ്രവേശനം അനുവദിച്ച്‌ പത്ത് രാജ്യങ്ങള്‍

“Manju”

ന്യൂഡ‍ല്‍ഹി: കൊറോണയുടെ രണ്ടാം തരംഗം നാശം വിതച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് മിക്ക രാജ്യങ്ങളും വിലക്ക് ഏര്‍പ്പെുത്തിയിരുന്നു. ഇതോടെ പ്രവാസികള്‍ക്ക് തങ്ങളുടെ ജോലി സഥലത്തേക്ക് പോകാനാവാതെ വിഷമത്തിലാവുകയും ചെയ്തു. ഇപ്പോള്‍ ഇതാ ലോക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ പല രാജ്യങ്ങളും ഇന്ത്യക്കാര്‍ക്ക് വീണ്ടും യാത്രാനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കായി പത്ത് രാജ്യങ്ങളാണ് വാതില്‍ തുറന്നത്.

തുര്‍ക്കി, റഷ്യ, ഈജിപ്ത്, ഉസ്‌ബെക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, കോസ്റ്ററിക്ക, ഐസ്ലന്‍ഡ്, സെര്‍ബിയ മൗറീഷ്യസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാര്‍ക്ക് പ്രവേശനം നുവദിച്ചിരിക്കുന്നത്. ഏതു രാജ്യത്തു നിന്നുള്ളവര്‍ക്കും തുര്‍ക്കിയിലേക്ക് പ്രവേശനമുണ്ട്. കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. കൂടാതെ, രാജ്യത്തേക്കു പ്രവേശിക്കുന്നതിന് മുന്‍പ് വിദഗ്ധ പരിശോധനയ്ക്കു ഹാജരാകുകയും വേണം. രാജ്യത്ത് എത്തിച്ചേരുന്നവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

14 ാം ദിവസം വീണ്ടും കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആയാല്‍ മാത്രം ക്വാറന്റീന്‍ ഒഴിവാക്കാം. ആറ് വയസ്സിന് മുകളിലുള്ളവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനാഫലം കൈയില്‍ കരുതണം. ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി ഇപ്പോഴും തുറന്നിരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് റഷ്യ. ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. സിംഗിള്‍ എന്‍ട്രി അല്ലെങ്കില്‍ ഡബിള്‍ എന്‍ട്രിക്ക് 30 ദിവസം വരെ സാധുതയുള്ള ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാം.

റഷ്യയില്‍ എത്തുന്നതിനു 72 മണിക്കൂറില്‍ കുറയാതെ എടുത്ത ആര്‍ടി-പിസിആര്‍ ഫലം കൈവശം കരുതണം. റഷ്യയില്‍ എത്തിയതിനു ശേഷവും കോവിഡ് പരിശോധന നടത്തണം. നെഗറ്റീവ് ആണെങ്കില്‍ പ്രവേശനം അനുവദിക്കും. രാജ്യത്തേക്കുള്ള വിമാനങ്ങളുടെ എണ്ണം കുറച്ചെങ്കിലും ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഈജിപ്തിലേക്ക് പോകാം. എത്തിച്ചേരുന്നതിന് 72 മണിക്കൂറില്‍ കുറയാത്ത ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. രണ്ട് ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്താതെ രാജ്യത്തേക്ക് പ്രവേശിക്കാമെന്നും ഈജിപ്ത് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ ഈജിപ്ഷ്യന്‍ ഡ്രഗ് അഥോറിറ്റി, ലോകാരോഗ്യ സംഘടന എന്നിവ അംഗീകരിച്ച ഏതെങ്കിലും വാക്‌സിനുകളാണ് എടുക്കേണ്ടത്.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്ത് എത്തിയലുടന്‍ കോവിഡ് പരിശോധന നടത്തും.നിലവില്‍ ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, പാക്കിസ്ഥാന്‍, മ്യാന്മര്‍, വിയറ്റ്‌നാം ശ്രീലങ്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളെ തീവ്ര രോഗ ബാധിത പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കിലും പരിശോധന നിര്‍ബന്ധമാണ്.

ഉസ്‌ബെക്കിസ്ഥാനിലേക്ക് യാത്ര പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രാജ്യത്ത് എത്തിച്ചേരുന്നതിന് 72 മണിക്കൂറില്‍ കുറയാത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് കൈയില്‍ കരുതണം. കൂടാതെ 14 ദിവസം ക്വാറന്റീനും നിര്‍ബന്ധമാണ്. ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് എത്തിച്ചേരുന്നതിന് മുമ്ബ് 72 മണിക്കൂറില്‍ കുറയാത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് ഹാജരാക്കേണ്ടതുണ്ട്. തലസ്ഥാന നഗരത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ അടുത്ത ഏതാനും ആഴ്ചകള്‍ യാത്രക്കാര്‍ക്ക് കാബൂളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഇന്ത്യയില്‍നിന്നുള്ള വിമാനസര്‍വീസിനു വിലക്ക് ഏര്‍പ്പെടുത്തണമെന്ന് രാജ്യത്ത് ആവശ്യമുയര്‍ന്നെങ്കിലും ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ഇതുവരെ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. സന്ദര്‍ശകര്‍ 72 മണിക്കൂറിനുള്ളില്‍ ആര്‍ടി പിസിആര്‍ പരിശോധന നടത്തിയിരിക്കണം. ദക്ഷിണാഫ്രിക്കയില്‍ എത്തുമ്ബോള്‍ വീണ്ടും കോവിഡ് പരിശോധന നടത്തണം. അതിനുള്ള ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം. പോസിറ്റീവ് ആണെങ്കില്‍ പത്ത് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണ്.

ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഇപ്പോള്‍ കോസ്റ്ററിക്കയിലേക്ക് യാത്ര തിരിക്കാം.വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ടി-പിസിആര്‍ പരിശോധന റിപ്പോര്‍ട്ടോ ആവശ്യമില്ല. എന്നിരുന്നാലും, മഴക്കാടുകളുള്ള മധ്യ അമേരിക്കന്‍ രാജ്യത്ത് എത്തുമ്പോള്‍ യാത്രക്കാര്‍ ഹെല്‍ത്ത് പാസ് ഫോം പൂരിപ്പിച്ച്‌ നല്‍കേണ്ടതുണ്ട്. പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഐസ്ലന്‍ഡിലേക്ക് പ്രവേശിക്കാം. രാജ്യത്ത് എത്തിയാലുടന്‍ കോവിഡ് സ്‌ക്രീനിങ് ടെസ്റ്റ് നടത്തും. ആഡംബര ട്രാവല്‍ ആന്‍ഡ് ലൈഫ് സ്‌റ്റൈല്‍ സര്‍വീസ് കമ്ബനിയായ കെ.എഫ്.ടിയുടെ പ്യുവര്‍ ലക്‌സ് സ്വകാര്യ ചാര്‍ട്ടറുകളും ലാന്‍ഡ് പാക്കേജുകളും രാജ്യത്ത് ആരംഭിച്ചുകഴിഞ്ഞു. യാത്രക്കാര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഇന്ത്യന്‍ യാത്രക്കാര്‍ക്കായി സെര്‍ബിയയുടെ വാതിലുകളും തുറന്നു. വിമാനത്തില്‍ കയറുന്നതിന് 72 മണിക്കൂറില്‍ കുറയാതെ നെഗറ്റീവ് ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ട് കാണിക്കേണ്ടതുണ്ട്. കൂടാതെ രാജ്യത്ത് പ്രവേശിക്കുന്നതിന് 48 മണിക്കൂറില്‍ കൂടുതല്‍ പഴയ ഒരു റിപ്പോര്‍ട്ട് നല്‍കാനും സെര്‍ബിയ ആവശ്യപ്പെടുന്നുണ്ട്. സഞ്ചാരികള്‍ക്ക് മൗറിഷ്യസിലേക്ക് യാത്ര തിരിക്കണമെങ്കില്‍ കുറച്ച്‌ സമയം കാത്തിരിക്കേണ്ടി വരും. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2021 ജൂലൈ 15 ന് ശേഷമാണ് മൗറിഷ്യസ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് അഞ്ചു മുതല്‍ ഏഴു ദിവസം മുമ്ബ് ആര്‍ടിപിസിആര്‍ പരിശോധന നടത്തിയിരിക്കണം.

Related Articles

Back to top button