IndiaLatest

രാജ്യത്ത് കോവിഡ് പ്രതിദിന കേസുകള്‍ വീണ്ടും കൂടി

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 45,951 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം 60,729 രോഗമുക്തി നേടുകയും ചെയ്തു. ചൊവ്വാഴ്ച കോവിഡ് കേസുകള്‍ നാല്‍പതിനായിരത്തിന് താഴെയെത്തിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും രോഗികളുടെ എണ്ണം ഉയരുകയായിരുന്നു. 817 മരണംകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 3,03,62,848 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,94,27,330 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 3,98,454 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. വരും ദിവസങ്ങളില്‍ തന്നെ മരണസംഖ്യ നാല് ലക്ഷം കടക്കുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 5,37,064 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് റിക്കവറി റേറ്റ് 96 ശതമാനത്തിന് മുകളിലാണ്.

കേരളത്തിലാണ് നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് 13550 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,23,225 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,093 ആയി. ഇതോടെ 99,174 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 27,97,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി ഇരുപത്തിയഞ്ച് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.67 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 39.53 ലക്ഷം പിന്നിട്ടു. പതിനാറ് കോടി എഴുപത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി. ഇന്നലെ ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് അറുപതിനായിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്.

Related Articles

Back to top button