IndiaLatest

ഇന്ത്യന്‍ നിര്‍മ്മിത വാക്‌സീനുകള്‍ അംഗീകരിച്ചില്ലെങ്കില്‍ നിര്‍ബന്ധിത ക്വാറന്റീന്‍

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിന്‍ അംഗീകരിച്ചില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് എത്തുന്നവരുടെ ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രം. കോവിഷീല്‍ഡ്, കോവാക്സീന്‍ സര്‍ട്ടിഫിക്കറ്റുകള്‍ യൂറോപ്യന്‍ യാത്രകള്‍ക്കായി അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ യൂറോപ്യന്‍ യൂണിയന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കില്ലെന്നും അവിടെ നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്നാണ് പുറത്ത് വരുന്ന വിവരം.

പുതിയ ‘ഗ്രീന്‍ പാസ്’ പദ്ധതി പ്രകാരം കോവിഷീല്‍ഡ് എടുത്തവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ അനുമതി ഉണ്ടാകില്ല. യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സികള്‍ അംഗീകരിച്ച ഫൈസര്‍, മൊഡേണ, അസ്ട്രസെനക, ജാന്‍സെന്‍ എന്നീ വാക്സീനുകള്‍ എടുത്തവര്‍ക്ക് മാത്രമാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം, അസ്ട്രസെനകയുടെ ഇന്ത്യന്‍ പതിപ്പായ കോവിഷീല്‍ഡ് ഇതുവരെ അംഗീകരിച്ചിട്ടില്ല.

ഗുണമേന്മയുടെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണ് അംഗീകരിക്കല്‍ നടപടികള്‍ നടപ്പാക്കുന്നതെന്നാണ് യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ യൂഗോ അസ്റ്റിയൂട്ടോ പറഞ്ഞത്. കോവിഷീല്‍ഡിന് യൂറോപ്യന്‍ യൂണിയന്‍ അനുമതി ലഭിക്കാനായി യൂറോപ്യന്‍ പങ്കാളിയായ അസ്ട്രസെനക വഴി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. എന്നാല്‍ ഇതുവരെ അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി വ്യക്തമാക്കിയത്.

Related Articles

Back to top button