IndiaLatest

ലൈറ്റ് ഹൗസ് പദ്ധതിയുടെ പുരോഗതി ഡ്രോണ്‍ വഴി വിലയിരുത്തി പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയായ ലൈറ്റ് ഹൗസ് പ്രൊജക്ടിന്റെ പുരോഗതി ഡ്രോണ്‍ വഴി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളായി വ്യാപിച്ചു കിടക്കുന്ന പദ്ധതിയാണ് ലൈറ്റ് ഹൗസ് പദ്ധതി. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പ്രധാനമന്ത്രി വിലയിരുത്തിയത്. ഒരു വര്‍ഷം കൊണ്ട് ആയിരം വീടുകള്‍ നിര്‍മ്മിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഈ വര്‍ഷം ജനുവരി ആദ്യമാണ് പ്രധാനമന്ത്രി ലൈറ്റ് ഹൗസ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിലവില്‍ ആറ് സ്ഥലങ്ങളില്‍ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. മറ്റ് വീടുകളെ അപേക്ഷിച്ച്‌ ഈ വീടുകള്‍ക്ക് താരതമ്യേന ചെലവ് കുറവാണെന്നുള്ളതാണ് ഒരു സവിശേഷത.

രാജ്‌കോട്ട്, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, റാഞ്ചി, അഗര്‍ത്തല എന്നിവിടങ്ങളിലാണ് വീട് നിര്‍മ്മാണം നടക്കുന്നത്. രാജ്‌കോട്ടില്‍ നിര്‍മ്മിക്കുന്ന വീടുകളില്‍ ഉപയോഗിക്കുന്നത് ഫ്രഞ്ച് സാങ്കേതിക വിദ്യയാണ്. തുരങ്കങ്ങള്‍ പോലെയുള്ള കോണ്‍ഗ്രീറ്റ് നിര്‍മ്മാണ രീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ ഇത്തരം കെട്ടിടങ്ങളെ ബാധിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിര്‍മ്മിക്കുന്ന വീടുകളിലെ മതിലുകളുടെ നിര്‍മ്മാണത്തിനായി ചെങ്കല്ലുകളോ കരിങ്കല്ലുകളോ ഉപയോഗിക്കുന്നില്ല. ഇതിന് പകരമായി നേരത്തെ തയ്യാറാക്കിവെച്ച സാന്റ്‌വിച്ച്‌ പാനലുകളാണ് ഉപയോഗിക്കുന്നത്. കാനഡയില്‍ നിന്നുള്ള സാങ്കേതിക വിദ്യാണ് ലക്‌നൗവില്‍ നിര്‍മ്മിക്കുന്ന വീടുകളില്‍ പരീക്ഷിക്കുന്നത്. ചുവരുകളില്‍ പെയ്ന്റുകളോ, പ്ലാസ്റ്ററോ ഉപയോഗിക്കേണ്ടി വരാത്ത നിര്‍മ്മാണ രീതിയാണിത്.

വ്യത്യസ്ത നഗരങ്ങളിലായി ആയിരക്കണക്കിന് വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികളാണ് നിലവില്‍ ആറിടത്തും പുരോഗമിച്ച്‌ കൊണ്ടിരിക്കുന്നത്. പുത്തന്‍ സാങ്കേതിക വിദ്യയിലൂടെ വീട് നിര്‍മ്മാണം കൂടുതല്‍ വേഗത്തിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കും, ശില്‍പ്പികള്‍ക്കും, എഞ്ചിനീയര്‍മാര്‍ക്കും പുതിയ സാങ്കേതിക വിദ്യകളെ കുറിച്ച്‌ പഠിക്കാനും പ്രയോഗവത്കരിക്കാനും ഇത് സഹായകമാവുമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button