KeralaLatest

കത്തിപ്പടരുന്ന പ്രതിഷേധത്തിനിടെ യുഎസ് നഗരത്തെ ശാന്തമാക്കി  ഒരു പതിനാറുകാരൻ

“Manju”

 

ഡിട്രോയിറ്റ്• കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്നുള്ള പ്രതിഷേധങ്ങളും അക്രമങ്ങളും അമേരിക്കയിലുടനീളം കത്തിപ്പടരുമ്പോൾ ഡിട്രോയിറ്റ് നഗരം മാതൃകയാകുന്നു. പതിനാറുകാരനായ പ്യൂർട്ടോറിക്കൻ ബാലൻ സ്റ്റെഫാൻ പെരെസ് ജനക്കൂട്ടത്തെ ശാന്തമാക്കി നിയന്ത്രണം ഏറ്റെടുത്തുകൊണ്ട് പ്രതിഷേധത്തിന് പുതിയ മാനം നൽകി.

ഡിട്രോയിറ്റിലെ മിഷിഗൺ അവന്യുവിൽ നടന്ന ആയിരങ്ങളുടെ പ്രകടനം കർഫ്യൂ നിയമങ്ങൾ കാറ്റിൽപറത്തികൊണ്ട് സംഘർഷത്തിലേക്ക് നീങ്ങാൻ തുടങ്ങുമ്പോൾ തെരുവിന്റെ നടുവിൽ മുട്ടിൽ നിന്നു കൊണ്ട് സ്റ്റെഫാൻ പെരെസ് ജനക്കൂട്ടത്തോട് വിലപിച്ചു കൊണ്ട് വിളിച്ചുപറഞ്ഞു ദയവായി നിയമം ലംഘിക്കാതെ പിരിഞ്ഞു പോകുക. ഈ പതിനാറുകാരന്റെ വാക്കുകൾ ഹൃദയത്തിൽ ഏറ്റുവാങ്ങിക്കൊണ്ട് സ്റ്റെഫാൻ പെരെസിന്റെയും ഒരു കൂട്ടം യുവജനങ്ങളുടെയും നേതൃത്വത്തിൽ ശാന്തമായി പ്രകടനം നടത്തി പിരിഞ്ഞുപോകുവാൻ ജനം തയ്യാറായി.
ഡിട്രോയിറ്റ് പൊലീസ് സേന ബലപ്രയോഗത്തിലൂടെയും ടിയർ ഗ്യാസ് പെപ്പർ സ്പ്രേ എന്നിവ ഉപയോഗിച്ച് പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോഴാണ് ഈ ചെറുപ്പക്കാരന്റെ ഇടപെടലിലൂടെ അന്തിരീഷം ശാന്തമായത്. ഇന്ന് തന്റെ ജീവിതം കൊണ്ട് എന്തോ അടയാളപ്പെടുത്താൻ സാധിച്ചു എന്നു പെരെസ് മാധ്യമപ്രവർത്തകരോട് പറയുമ്പോൾ ആരോ ഒരാൾ തന്റെ ഫോൺ പെരെസിന്റെ കയ്യിൽ കൊടുത്തിട്ടു സംസാരിക്കാൻ ആവശ്യപ്പെട്ടു. അത് ഡിട്രോയിറ്റ് മേയർ മൈക്ക് ടഗന്റെ അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ഫോൺ വിളിയായിരുന്നു. ദൃശ്യ മാധ്യമത്തിലൂടെ ലൈവായി പെരെസിന്റെ ഇടപെടൽ കണ്ടപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞു എന്ന് മേയർ മാധ്യമങ്ങളോട് പറഞ്ഞു.
അമേരിക്കയിലെ മിക്ക നഗരങ്ങളിലും പ്രതിഷേധത്തിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ ആക്രമണങ്ങളും മോഷണങ്ങളും നടത്തുമ്പോൾ ഡിട്രോയിറ്റിലെ യുവതലമുറ മാത്രകയാവുകയാണ്. മുത്തശ്ശിയോടൊപ്പമാണ് സ്റ്റെഫാൻ പെരെസ് ജീവിക്കുന്നത്. തന്നെ രൂപപ്പെടുത്തുന്നതിൽ മുത്തശ്ശിയുടെ പങ്ക് വളരെവലുതാണെന്നും എന്റെ ഈ പ്രവർത്തനത്തിലൂടെ മുത്തശ്ശി സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുമെന്നും പെരെസ് പറഞ്ഞു. എല്ലാവരുടെയും ജീവൻ വിലപ്പെട്ടതാണ്, നീതി നിഷേധിക്കുമ്പോൾ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകണം . എന്നാൽ ഇപ്രകാരമുള്ള ആക്രമണങ്ങളും വ്യാപാര സ്ഥാപനങ്ങൾ തകർത്തുള്ള മോഷണങ്ങളും ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ല എന്ന പ്രായത്തിൽ കവിഞ്ഞ ചിന്തയാണ് പെരെസ് പുത്തൻ തലമുറയ്ക്ക് നൽകുന്ന സന്ദേശം. ഇവരിലാണ് സമൂഹത്തിന്റെ ആശയും പ്രതീക്ഷയും.

Related Articles

Back to top button