IndiaLatest

ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം

“Manju”

ലക്നൗ : നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ അതിന് മുമ്പ് നടന്ന ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മികച്ച ജയം.
75 സീറ്റില്‍ 66 സീറ്റിലും ബിജെപി പിന്തുണച്ച സ്ഥാനാര്‍ഥികള്‍ വിജയിച്ചു. വാരണാസി, ഗോരഖ്പൂര്‍ അടക്കം 21 സീറ്റില്‍ എതിരില്ലാതെയാണ് ബിജെപി വിജയിച്ചത്. തെരഞ്ഞെടുപ്പ് നടന്ന 53 സീറ്റില്‍ 45 സീറ്റിലും ബിജെപി വിജയിക്കുകയായിരുന്നു.
അതേസമയം തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചാണ് ബി.ജെ.പി വിജയിച്ചതെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. നിരവധി വോട്ടര്‍മാരെ തട്ടിക്കൊണ്ടുപോയെന്നും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും അഖിലേഷ് ആരോപിച്ചു. സമാജ്‌വാദി പാര്‍ട്ടിക്ക് വിജയിക്കാനായത് അഞ്ച് സീറ്റില്‍ മാത്രമാണ്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ റായ്ബറേലിയും അമേത്തിയിലും വിജയിച്ചത് ബിജെപി പിന്തുണച്ച സ്ഥാനാര്‍ഥികളാണ്.
അപ്‌ന ദള്‍ (എസ്) പിന്തുണയുള്ള സ്ഥാനാര്‍ത്ഥി റിത പട്ടേല്‍ ജാന്‍പൂരില്‍ തോല്‍വി ഏറ്റുവാങ്ങി. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മാഫിയ-രാഷ്ട്രീയ നേതാവ് ധനഞ്ജയ് സിങ്ങിന്റെ ഭാര്യ ശ്രീകാല റെഡ്ഡി വിജയിയായി.
അനുപ്രിയ പട്ടേലിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി സ്ഥാനാര്‍ഥി രാധിക പട്ടേല്‍ സോണ്‍ഭദ്രയില്‍ നിന്ന് ജയ് പ്രകാശ് പാണ്ഡെ അലിയാസ് ചോഖൂര്‍ പാണ്ഡെയെ പരാജയപ്പെടുത്തി വിജയിച്ചു.
വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ തുടങ്ങിയവര്‍ വിജയികളെ അനുമോദിച്ച്‌ രംഗത്തെത്തി.
നേരത്തെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം നടത്തിയിരുന്നു. 75 ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്സന്‍ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 60 സീറ്റും ബിജെപി നേടി. എസ്പിക്ക് ആറു സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേടിയ 60 സീറ്റുകളില്‍നിന്നാണ് എസ്പിയുടെ ഈ തകര്‍ച്ച. മായാവതിയുടെ ബിഎസ്പി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

Related Articles

Back to top button