KeralaLatest

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുറയാത്ത പശ്ചാത്തലത്തിലാണ് കേന്ദ്രസംഘം എത്തിയത്. ഇന്ന് തിരുവനന്തപുരത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലാ കളക്ടറുമായി വിദഗ്ദ്ധ സംഘം കൂടിക്കാഴ്ച നടത്തും. കേരളത്തിലെ എട്ട് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സ്ഥിതി വിലയിരുത്താന്‍ വിദഗ്ദ്ധ സംഘം വീണ്ടുമെത്തിയത്.

അതേസമയം ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ തുടര്‍ച്ച അവലോകനം ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. ലോക്ഡാണ്‍ നിയന്ത്രണങ്ങളിലൂടെ ടിപിആര്‍ അഞ്ചില്‍ താഴെ എത്തിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. പക്ഷെ ടിപിആര്‍ പത്തില്‍ താഴെ എത്താത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ പുതിയ ഇളവ് അനുവദിക്കേണ്ടതുണ്ടോയെന്ന കാര്യം ഉന്നതതല യോഗം ചര്‍ച്ച ചെയ്യും. രാവിലെ 10.30 നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുക. കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടായേക്കും. സൂപ്രീംകോടതി ഉത്തരവും പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങളമെല്ലാം ചര്‍ച്ച ചെയ്യാനാണ് സാധ്യത. വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗവും ഇന്നു ചേരും.

Related Articles

Back to top button