KeralaLatest

ശിവപ്രസാദിന്റെ അവയവങ്ങൾ അഞ്ചു രോഗികളിലേയ്ക്ക്..

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച അച്ഛന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള അമ്മയുടെ തീരുമാനത്തിന് വിദേശത്തു നിന്നും മക്കളുടെ പിന്തുണ സന്ദേശമായെത്തി. കൊറോണക്കാലത്തെ മൂന്നാമത്തെ അവയവദാനത്തിന് കളമൊരുങ്ങി.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കൊട്ടാരക്കര എഴുകോൺ ദേവീപ്രസാദത്തിൽ ശിവപ്രസാദിന് (59) മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത്. ഏപ്രിൽ 27നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവിന്റെ വിയോഗം തീർത്ത ശൂന്യത മുന്നിലുണ്ടെങ്കിലും അവയവദാനത്തിന്റെ സാധ്യതയെപ്പറ്റി ശിവപ്രസാദിന്റെ ഭാര്യ ഗിരിജാ പ്രസാദ് തന്നെയാണ് ആശുപത്രി അധികൃതരോട് ആരാഞ്ഞത്. ആരോഗ്യപരമായ കാരണങ്ങളാൽ മുന്നോട്ടുള്ള ജീവിതം അനിശ്ചിതത്വത്തിലായ രോഗികൾക്ക് തണലാകാൻ ഗിരിജാ പ്രസാദെടുത്ത തീരുമാനം വിദേശത്തുള്ള മക്കൾ ശരത് പ്രസാദും ശ്യാം പ്രസാദും അംഗീകരിക്കുകയായിരുന്നു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നാട്ടിലെത്താൻ കഴിയാതിരുന്ന മക്കൾ അമ്മയുടെ തീരുമാനത്തിനൊപ്പം ചേർന്നു. തുടർന്ന് കിംസ് ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് പ്രൊക്യുവർമെന്റ് മാനേജർ ഡോ മുരളീധരന്റ നേതൃത്വത്തിൽ അവയവങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ തുടരാനുള്ള സംരക്ഷണ നടപടികൾ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെയും സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രിയുടെയും ഓഫീസുകളുടെ ഇടപെടലിൽ അവയവദാന നടപടികൾ മറ്റു സാങ്കേതിക തടസങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി അപ്രോപ്രിയേറ്റ് അതോറിറ്റി കൂടിയായ ഡി എം ഒ. ഡോ എ റംലാബീവി, കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ എം കെ അജയകുമാർ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസ്, കോ-ഓർഡിനേറ്റർമാർ എന്നിവരുടെ പ്രവർത്തനം അവയവ ദാതാവും സ്വീകർത്താക്കളുമായുള്ള ഏകോപനം വേഗത്തിലാക്കി. ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലുമടക്കം അഞ്ചുപേർക്കാണ് അവയവങ്ങൾ നൽകിയത്. മെഡിക്കൽ കോളേജിലെ രോഗിയ്ക്ക് യൂറോളജി വിഭാഗം മേധാവി ഡോ വാസുദേവൻ പോറ്റി, ഡോ ഉഷ (അനസ്തേഷ്യ) എന്നിവരുടെ നേതൃത്വത്തിൽ വൃക്ക വച്ചുപിടിപ്പിക്കുകയും ചെയ്തു.
വിദേശത്തായിരുന്ന ശിവ പ്രസാദ് കഴിഞ്ഞ വർഷം ആഗസ്റ്റിൽ നാട്ടിലെത്തി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

Related Articles

Leave a Reply

Back to top button