ArticleKeralaLatest

വൻമരത്തണലിലുറങ്ങാൻ

“Manju”

 

ആര്‍ഷ രമണന്‍

ഗുരുവിന്റെ പൊൻകര സ്പർശനത്താൽ
രണ്ടു ചിറകുകൾ മെല്ലെപൊതിഞ്ഞു

ദേഹത്തിലേക്കല്ല ദേഹിയിലേക്കത് നീളുന്ന വേരായ് പടർന്നൂ

ചെന്നിണമല്ലതിൻ നീരൊഴുക്കായൊരു കാരുണ്യതീർത്ഥ പ്രവാഹം

ഗുരുസാഗരത്തിലെ ഓളങ്ങളായ് ജന്മതീരങ്ങൾ തേടും പ്രയാണം

ചിറകിന്റെ പൊൻതൂവലേറിയാ രഥയാത്ര അരനൊടി ആയിരമാണ്ടുപോലെ

കൽപങ്ങളോ യുഗസന്ധിയോ
ജന്മങ്ങൾ എത്രയോ പിന്തള്ളി ദൂരം

പൊൻചിറകേറി ഞാൻ ഞാനേതുമില്ലാത്ത
ഞാൻ പോലുമറിയാത്ത യാത്ര

ഇല്ലെന്റെ ചിന്തകൾ സ്വപ്നങ്ങൾ മോഹങ്ങൾ
ഒന്നുമാ യാത്രയിൽ കൂടെയില്ല.

ഇല്ലതില്ലാരുമീ ജന്മ പത്രത്തിലെ അച്ഛനുമമ്മയും പോലുമില്ല.

ഇരുളിന്റെ മാറാല മറവിതൻ മറകളിൽ മുഴുനീള ചിത്രങ്ങൾ നീളെ

അതിലെത്ര ജന്മങ്ങളതിലെത്ര വർണ്ണങ്ങൾ
അതിലെത്ര മാതാപിതാക്കൾ

ഒരു ചിത്രമെവിടെയോ കണ്ടൂ തടഞ്ഞു പോയ്
ഒരു വേള ഞാനതിൽ നോക്കി ,
ആണ്ടുപോയ് ആഴത്തിലാച്ചിത്രവെണ്മയിൽ

അറിയാതെ അറിയാതെ ഞാനറിഞ്ഞു
ഞാനല്ലേ..എൻ രൂപമല്ലേ.. അതിൽ പിഞ്ചു പൈതലായി കൊഞ്ചുമാക്കൊച്ചു കുഞ്ഞ്

അച്ഛന്റെ കൈവിരൽത്തുമ്പിലായി ഞാലുന്ന കൊച്ചരി പ്രാവ് പോലുള്ള കുഞ്ഞ്

ഒരു നൂറു ചോദ്യങ്ങളൊരുപോലെ ചോദിച്ചു
നിഴലിനോടിഴ ചേർന്ന കൊച്ചു രൂപം

എത്താവിരൽത്തുമ്പിലെത്തി പിടിക്കുവാൻ തത്രപ്പെടുന്നൊരാ പൊന്നുംകുടത്തിന്

കുഞ്ഞുടുപ്പില്ലതിൽ തങ്ക കൊലുസില്ല
കണ്മുനതുമ്പിൽ കളങ്കമില്ല

അച്ഛനോടാണെനിക്കിഷ്ടമെന്നോതിയാ ശ്രദ്ധതിരിക്കാൻ ശ്രമിക്കേ

മെല്ലെയെടുത്തെന്നെ മാറോട് ചേർത്തൊരു പൊന്നുമ്മ നൽകിയെന്നച്ഛൻ

പിന്നെത്തലോടിയെൻ ദേഹം പൊതിഞ്ഞൊരാ ചെമ്മണ്ണു മെല്ലെ തുടച്ചു..

പൊന്നുമോളിനി മണ്ണിൽ നീങ്ങേണ്ടയച്ഛന്റെ തോളത്തിരുന്നു നീങ്ങിടാം

അച്ഛൻറെ തോളത്തിരുന്നു ഞാൻ ചുറ്റിലും കാഴ്ചകൾ കണ്ടു രസിച്ചു

നീളുന്നൊരാ മുടിതുമ്പിൽ പിടിച്ചു വലിച്ചു കൊണ്ടന്നേരമോതി

അച്ഛനിങ്ങോട്ടൊന്നു നോക്കിയേ..നോക്കിയേ അച്ഛനേക്കാളുമെനിക്കല്ലേ പൊക്കം

അച്ഛന്റെ പൊട്ടിച്ചിരിതന്നലകളിൽ ഒന്നുമറിയാതെ ഞാൻ ചിണുങ്ങി

നീങ്ങും പ്രയാണത്തിലാവൻമരത്തണൽ എന്നുമെനിക്ക് തണുപ്പ് നൽകി

ആ തണലോരത്തിരുന്നു ഞാനക്ഷരക്കൂട്ടങ്ങൾ ചൊല്ലിപ്പതം വരുത്തി

ആ സുഖശീതള സ്വച്ഛന്ദഛായകൾ
ആവോളമാസ്വദിച്ച ജന്മം

ദൂരങ്ങളെത്രയോ താണ്ടിയാ ജന്മങ്ങളേതോ വഴിത്താര വേർപിരിച്ചു

പൊൻചിറകെങ്ങോ മറഞ്ഞുപോയ്‌ മാഞ്ഞു പോയ്
രഥയാത്ര തീർന്നു ഞാനാർഷയായി

എങ്കിലും എങ്കിലും സുഖമുള്ളോരോർമ്മകൾ ത്തഴുകി തലോടുന്ന ദൃശ്യം

ഈ ജന്മമച്ഛന്റെ മോളായി പിറക്കുവാൻ എന്തേയെനിക്ക് കഴിഞ്ഞതില്ല

എങ്കിലും..എങ്കിലും ഇന്നുമെത്താറുണ്ട്
ചെമ്മണ്ണഴുക്കു പുരണ്ടിടുമ്പോൾ

തൂത്തുതുടച്ചെന്നെ ശുദ്ധിയാക്കിടുവാൻ താപസവേഷം ധരിച്ചൊരാ അച്ഛൻ

അരുതാ കിനാവെന്നറിയാമെങ്കിലും അറിയാതെ ആശിച്ചുപോകുന്നു ഞാൻ

അച്ഛന്റെ മോളായി പിറക്കണം വീണ്ടുമാ സ്നേഹത്തണലിലുറങ്ങിടേണം

അച്ഛൻറെ മോളായി പിറക്കണം വീണ്ടുമാ വൻമരത്തണലിലുറങ്ങേണം

Related Articles

Back to top button