IndiaLatest

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര സഹമന്ത്രി

“Manju”

ഡല്‍ഹി: ബിജെപി ദേശീയ വക്താവായിരുന്ന രാജീവ് ചന്ദ്രശേഖറിന് പുതിയ ദൗത്യം ലഭിച്ചതോടെ കേന്ദ്രമന്ത്രിസഭയിലെ മലയാളി സാന്നിധ്യം രണ്ടായി ഉയര്‍ന്നു. രണ്ടാം മോദി സര്‍ക്കാരില്‍ സഹമന്ത്രിയായാണ് ഈ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗം സത്യപ്രതിജ്ഞ ചെയ്തത്. ഇത് മൂന്നാം തവണയാണ് രാജീവ് ചന്ദ്രശേഖര്‍ രാജ്യസഭയില്‍ എത്തുന്നത്.
കഴിഞ്ഞ തവണ രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോഴും രാജീവിന്റെ പേര് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെടുകയായിരുന്നു. നേരത്തെ സ്വതന്ത്ര അംഗമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന രാജീവ് ചന്ദ്രശേഖര്‍ 2018ലാണ് ബിജെപിയില്‍ ചേര്‍ന്നത്.
ബിജെപി ദേശീയ വക്താവായിരുന്ന രാജീവ് കേരളത്തിലെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വൈസ് ചെയര്‍മാനുമായിരുന്നു. പിഎസി ഉള്‍പ്പെടെ പാര്‍ലമെന്ററി കമ്മറ്റികളില്‍ അംഗമായിരുന്നു രാജീവ് ചന്ദ്രശേഖര്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുച്ചേരിയുടെ ചുമതലയുണ്ടായിരുന്ന രാജീവ് അവിടെ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
ഈ നേട്ടമാണ് പുനസംഘടനയില്‍ രാജീവ് ചന്ദ്രശേഖറിനെ കൂടി ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് ഉറപ്പായ വിശ്വാസം നല്‍കിയത്. രാജീവ് ചന്ദ്രശേഖര്‍ മന്ത്രിയായതോടെ കേരളത്തിലെ ബിജെപിക്ക് ഒരു പ്രാതിനിധ്യം കൂടി അവകാശപ്പെടാമെങ്കിലും അതെത്രകണ്ട് ശരിയാകുമെന്ന് കണ്ടറിയണം. രാജീവിന് നിര്‍ണായക സ്വാധീനമുള്ള ഏഷ്യാനെറ്റ് ന്യൂസിനെ കേരളത്തില്‍ ബിജെപിക്കാര്‍ ബഹിഷ്‌കരിക്കുകയാണ്.
ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ചാണ് ബിജെപി ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിക്കുന്നത്. കേന്ദ്രമന്ത്രിയായ വി മുരളീധരന്‍ ഏഷ്യാനെറ്റ് പ്രതിനിധികളെ വാര്‍ത്താസമ്മേളനത്തില്‍ ഒഴിവാക്കാറാണ് പതിവ്. പുതിയ മന്ത്രി ഇക്കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നും കണ്ടറിയണം.
ഗുജറാത്തിലെ അഹമ്മദാബാദില്‍ ജനിച്ച രാജീവ് ചന്ദ്രശേഖറിന് ബിജെപി ദേശീയ നേതാക്കളുമായി വലിയ അടുപ്പം തന്നെയുണ്ട്. ഒരു മലയാളി കൂടി കേന്ദ്രമന്ത്രിസഭയില്‍ എത്തുന്നതോടെ അതു കേരളത്തിലെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് കൂടി സഹായകമാകുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ 57കാരനില്‍ ബിജെപി വലിയ പ്രതീക്ഷ തന്നെയാണ് വയ്ക്കുന്നത്.

Related Articles

Back to top button