IndiaLatest

കം​ഗാരു ആക്രമണത്തില്‍ 77കാരന് ദാരുണാന്ത്യം

86 വര്‍ഷത്തിനിടെ ആദ്യ സംഭവം

“Manju”

സിഡ്‌നി: 77കാരന്‍ കംഗാരുവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വയോധികന്‍ ഓമനിച്ച് വളര്‍ത്തിയ കംഗാരു തന്നെയാണ് അദ്ദേഹത്തെ ആക്രമിച്ചതെന്നാണ് വിവരം. 86 വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ റെഡ്മണ്ടിന് സമീപത്താണ് സംഭവം. പൊതുവെ ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണിത്.
ഞായറാഴ്ച ഉച്ചയോടെയാണ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ ഒരു ബന്ധു 77കാരനെ കണ്ടത്. ബന്ധു അറിയിച്ചത് പ്രകാരം രക്ഷാപ്രവര്‍ത്തകര്‍ എത്തി വയോധികനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആംബുലന്‍സ് ജീവനക്കാരെയടക്കം ആക്രമിക്കാന്‍ ശ്രമിച്ചതോടെ കംഗാരുവിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വന്യമൃഗമായി കണക്കാക്കപ്പെടുന്ന കംഗാരുവിനെ വൃദ്ധന്‍ ഓമനിച്ച് വളര്‍ത്തുകയായിരുന്നു.
വെസ്‌റ്റേണ്‍ ഗ്രേ ഇനത്തില്‍പ്പെട്ട കംഗാരുവാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. വെസ്റ്റേണ്‍ ഗ്രേ ഇനത്തില്‍പ്പെട്ട ആണ്‍ കംഗാരുക്കള്‍ക്ക് 2.2 മീറ്റര്‍ നീളവും 70 കിലോയോളം ഭാരവുമുണ്ടാകും. ഇതിന് മുമ്പ് 1936ലാണ് ഇത്രയും മാരകമായ കംഗാരു ആക്രമണം റിപ്പോര്‍ട്ട് ചെയ്തതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കംഗാരുവിന്റെ ആക്രമണത്തില്‍ നിന്നും നായ്ക്കളെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെ മുറിവേറ്റ് 38കാരനാണ് അന്ന് കൊല്ലപ്പെട്ടത്.

Related Articles

Back to top button