IndiaLatest

ജമ്മുവില്‍ പിരിച്ചുവിട്ട ഉദ്യോഗസ്ഥരില്‍ മുന്‍ ഹിസ്ബുള്‍ മുജാഹീദ് തലവന്റെ മക്കളും

“Manju”

ജമ്മു: കഴിഞ്ഞ ദിവസമാണ് സായുധ സംഘടനകളുമായി ബന്ധം പുലര്‍ത്തിയെന്ന് ആരോപിച്ച്‌ ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേഷന്‍ 11 ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. ഇതില്‍ കശ്മീരി സംഘടനയായ ഹിസ്ബുള്‍ മുജാഹീദിന്റെ തലവന്‍ സയിദ് സഹാഹുദ്ദീന്റെ മക്കളും ഉള്‍പ്പെടുന്നു. സലാഹുദ്ദീന്റെ മക്കളായ സയിദ് അഹമ്മദ് ഷക്കീല്‍, ഷാഹിദ് യൂസഫ് എന്നിവരെയാണ് പുറത്താക്കിയത്. ദേശവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് ഇവരെ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ട്.
സയിദ് സഹാഹുദ്ദീന്റെ മക്കളില്‍ ഒരാള്‍ ഷെര്‍ ഇ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഡോക്ടറായാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. മറ്റൊരാള്‍ താഴ്‌വരയില്‍ നൈപുണ്യ വികസന വകുപ്പിലെ ജീവനക്കാരനായിരുന്നു. സായുധ സംഘടനകള്‍ക്ക് വിവരങ്ങള്‍ കൈമാറുകയും ആയുധങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.
ഹിസ്ബുല്‍ മുജാഹിദ്ദീന്‍ അടക്കമുള്ള സംഘടനകളെ ഇരുവരും സഹായിച്ചെന്നാണ് എന്‍ഐഎയുടെ വാദം.അനന്തനാഗ്, ബുദ്ഗാം, ബരാമുള്ള, ശ്രീനഗര്‍, പുല്‍വാമ, കുപ്‌വാര എന്നിവിടങ്ങളിലുള്ള ഉദ്യോഗസ്ഥരെയാണ് ഭരണഘടന 311 പ്രകാരം അന്വേഷണം പോലും നടത്താതെ പുറത്താക്കിയത്. വിദ്യാഭ്യാസം, പോലിസ്, ഊര്‍ജം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്.
വിദ്യാഭ്യാസ വകുപ്പില്‍ നാല്, പോലീസില്‍ രണ്ട്, കൃഷി, നൈപുണ്യ വികസനം, വൈദ്യുതി, സ്കിംസ്, ആരോഗ്യ വകുപ്പുകളില്‍ ഓരോരുത്തരും ഇത്തരത്തില്‍ ജോലി ചെയ്തിരുന്നതായി പറയുന്നു. ജീവനക്കാരെ തിരിച്ചറിയുന്നതിനും സൂക്ഷ്മപരിശോധന നടത്തുന്നതിനും സുരക്ഷയ്‌ക്കോ ദേശീയ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ ഭീഷണി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ കേസെടുക്കുന്നതിനായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഏപ്രില്‍ 21 ന് ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു. ഇവരാണ് ഇക്കാര്യം കണ്ടെത്തിയത്.

Related Articles

Back to top button