KeralaLatest

ജീവിതത്തിന്റെ അപാരതയും നിസാരതയും ഒരുപോലെ ബോധ്യപ്പെടുത്തുന്നതാണ് ആത്മീയത; സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”

 

ഹരിപ്പാട് : മനുഷ്യ ജീവിതത്തിന്റെ അപാരതയും നിസാരതയും ബോധ്യപ്പെടുത്തുന്നതാണ് ആത്മീയതയെന്നു ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനത്തിന്റെ ആഘോഷപരിപാടികളോടനുബന്ധിച്ച് ഹരിപ്പാട് ഉപാശ്രമത്തില്‍ നടന്ന ഏകദിന സത്സംഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. ഭാരതത്തിന്റെ ആത്മീയചരിത്രം ഗുരുക്കന്‍മാരുടെ ത്യാഗത്താല്‍ നിറഞ്ഞതാണ്. അതാണ് നാം ലോകത്തിന് നല്‍കിയ സംഭാവന. ഗുരുവെന്നത് ജീവിതത്തിന്റെ നേര്‍വഴിയിലേക്കു വാതിലാണ്. അടുത്ത പ്രഭാതത്തില്‍ ഉണരുമെന്ന് ഉറപ്പിക്കാന്‍ കഴിയാത്തത്ര ക്ഷണികമാണ് മനുഷ്യജീവിതം. ആ ജീവിതത്തില്‍ നന്മ നിറച്ച് നമ്മള്‍ മനസ്സ് കൊണ്ട് അടുക്കണമെന്നും സ്വാമി അഭിപ്രായപ്പെട്ടു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ച സത്സംഗത്തിൽ ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി സത്സംഗ സന്ദേശം നൽകി. ജനനി ആദിത്യ ജ്ഞാന തപസ്വിനി, സ്വാമി ജനനന്മ ജ്ഞാനതപസ്വി , സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി, സ്വാമി മധുരനാദന്‍ ജ്ഞാന തപസ്വി, സ്വാമി ജനസമ്മതന്‍ ജ്ഞാന തപസ്വി, ജനനി രേണുരൂപ ജ്ഞാനതപസ്വിനി, സുരേഷ് കുമാര്‍.സി.കെ, അഡ്വ. ബിജു.സി, സുപ്രിയ ഉല്ലാസ്, കുമാരി ശ്രീരത്നം.എസ് എന്നിവർ സത്സംഗത്തിൽ പ്രസംഗിച്ചു. സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വി, രവീന്ദ്രൻ. പി.ജി, രമണൻ.പി.ജി , ദൃശ്യ ഗോപാലകൃഷ്ണന്‍, ഗുരുമഹിമ.ബി, ദേവിക ഗിരീഷ്, ഗുരുനിധി.ബി, സത്പ്രിയ.എം എന്നിവർ അവതരിപ്പിച്ച ഭക്തിഗാനങ്ങൾ സത്സംഗത്തിന് മിഴിവേകി. ആശ്രമത്തിന്റെ സാംസ്കാരിക സംഘടനകളായ വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെയും മാതൃമണ്ഡലത്തിന്റെയും മുതിർന്ന പ്രവർത്തകരെ വേദിയിൽ ആദരിച്ചു. കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ്, പ്ലസ്ടൂ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ വേദിയില്‍ അനുമോദിച്ചു. ശാന്തിഗിരി ആശ്രമം ഉപദേശക സമിതി അംഗം പി.ചന്ദ്രമോഹന്‍ സ്വാഗതവും ശാന്തിമഹിമ കോർഡിനേറ്റർ അജയ് സോമന്‍ കൃതജ്ഞതയും പറഞ്ഞു.

രാവിലെ 8 മണിക്ക് തുടങ്ങിയ സത്സംഗം വൈകിട്ട് 6 ന് സമാപിച്ചു. ഏകദിന സത്സംഗത്തിൽ ഹരിപ്പാട്, കരുനാഗപ്പള്ളി ഏരിയകളില്‍ നിന്ന് നൂറുകണക്കിന് ഗുരുഭക്തർ കുടുംബസമേതം സംബന്ധിച്ചു.

മെയ് 6 ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും നടക്കുന്ന നവഒലി ജ്യോതിർദിനം ആഘോഷങ്ങളുടെ ഭാഗമായാണ് ജില്ലാതല സത്സംഗങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വരുംദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ ജില്ലകളിലും സത്സംഗങ്ങൾ സംഘടിപ്പിക്കും.

ശാന്തിഗിരി നവഒലി ജ്യോതിർദിനാഘാഷങ്ങളുടെ ഭാഗമായി ഹരിപ്പാട് ഉപാശ്രമത്തിൽ നടന്ന ഏകദിന സത്സംഗത്തിന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തിരി തെളിയിക്കുന്നു. സ്വാമി ചൈതന്യ ജ്ഞാന തപസ്വി, സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വി,, സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വി, സ്വാമി മധുരനാദന്‍ ജ്ഞാന തപസ്വി, സ്വാമി ജനന്മ ജ്ഞാന തപസ്വി, സ്വാമി ചിത്തശുദ്ധന്‍  ജ്ഞാന തപസ്വി, ജനനി ആദിത്യ ജ്ഞാന തപസ്വിനി, ജനനി രേണുരൂപ ജ്ഞാന തപസ്വിനി,, രാജന്‍. ആര്‍ , അഡ്വ. ബിജു.സി, സുരേഷ് കുമാര്‍.സി.കെ എന്നിവർ സമീപം

Related Articles

Back to top button