India

ജനസംഖ്യാ നിയന്ത്രണത്തെ പിന്തുണച്ച് ശരദ് പവാർ

“Manju”

ലക്‌നൗ: ഉത്തർപ്രദേശ് സർക്കാരിന്റെ ജനസംഖ്യാ നിയന്ത്രണ ബില്ലിനെ പിന്തുണച്ച് എൻസിപി നേതാവ് ശരദ് പവാർ. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും ജീവിത നിലവാരം ഉയർത്താനും ജനസംഖ്യാ നിയന്ത്രണം അനിവാര്യമാണെന്ന് ശരദ് പവാർ പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ചുള്ള ചർച്ചകൾ നടക്കേണ്ടതായുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമൂഹത്തെ സ്വയം പര്യാപ്തമാക്കി സാമൂഹിക ക്ഷേമം നിലനിർത്താൻ ജനസംഖ്യാ നിയന്ത്രണം അനിവാര്യമാണ്. ഇതിന്റെ സന്ദേശം സമൂഹത്തിലെ താഴെത്തലത്തിൽ എത്തിക്കണം. രാജ്യത്തിന്റെ ആരോഗ്യകരമായ ജീവിത നിലവാരം ഉറപ്പുവരുത്താനും സന്തുലമാക്കാനും ജനസംഖ്യാ വർദ്ധനയെക്കുറിച്ച് പൗരന്മാർ ബോധവാന്മാരാകണമെന്നും ശരദ് പവാർ ആവശ്യപ്പെട്ടു.

ജനസംഖ്യ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിശദമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയിരുന്നു. പിന്നാലെയാണ് ഇതിനെ പിന്തുണച്ച് ശരദ് പവാർ എത്തിയിരിക്കുന്നത്. യുപിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന ജനസംഖ്യാ നിയന്ത്രണ നിയമത്തിന്റെ കരട് വിജ്ഞാപനവും യുപി നിയമ കമ്മീഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

കരട് പ്രകാരം രണ്ടിലധികം കുട്ടികളുണ്ടാകുന്നവർക്ക് നിരവധി സർക്കാർ ആനുകൂല്യങ്ങൾ നഷ്ടമാകും. സർക്കാർ ജോലിയ്ക്ക് അപേക്ഷ നൽകുന്നതിൽ നിന്നുമുൾപ്പെടെ ഇവരെ വിലക്കാനാണ് സർക്കാർ തീരുമാനം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തും. ഇതിന് പുറമേ രണ്ട് കുട്ടികൾ മാത്രമുള്ള കുടുംബങ്ങൾക്ക് നിരവധി ആകർഷകമായ ആനുകൂല്യങ്ങൾ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button