IndiaLatest

ഇന്ത്യന്‍ വനിതകള്‍ ഇന്ന് മിസൈല്‍ മുതല്‍ സംഗീതം വരെ കീഴടക്കിയവര്‍

“Manju”

ന്യൂഡല്‍ഹി: ഒരു സ്ത്രീക്ക് പുരുഷനില്ലാതെ ജീവിക്കാനും പോരാടാനും മുന്നേറാനും അത് ലോകത്തിന് കാണിച്ചുകൊടുക്കാനും കഴിയുമെന്ന് രാഷട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിന് നമ്മുടെ രാജ്യത്ത് വലിയ പ്രാധാന്യമുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു. ആര്‍മി വൈവ്‌സ് വെല്‍ഫെയര്‍ അസോസിയേഷൻ സംഘടിപ്പിച്ച അസ്മിതഎന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.

അനന്തര തലമുറക്ക് ജന്മം നല്‍കാൻ കഴിയുന്നത് സ്ത്രീകള്‍ക്ക് മാത്രമാണ്, സ്ത്രീകളില്‍ ദൃഢമായ ഇച്ഛാശക്തി കുടികൊള്ളുന്നു. ഈ ഇച്ഛാശക്തിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ സമൂഹത്തില്‍ മുന്നോട്ടു കുതിക്കുന്നു. ഇന്ന് രാജ്യത്തിന്റെ അന്‍പതു ശതമാനം ജനസംഖ്യ സ്ത്രീകളാണ്. രാജ്യം ഇന്ന് അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിച്ചു ഭാരതത്തെ ഒന്നാം സ്ഥാനത്തു എത്തിക്കാമെന്നും രാഷ്‌ട്രപതി പറഞ്ഞു.

ഇന്ത്യയിലെ വനിതകള്‍ ഇന്ന് മിസൈല്‍ മുതല്‍ സംഗീതം വരെ കീഴടക്കിയവരാണ്. എല്ലാ സ്ത്രീകള്‍ക്കും അവരുടെ സംഭാവനകള്‍ക്കും ഞാൻ നന്ദി അറിയിക്കുകയും വനിതകളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു. വിജയിച്ച ഓരോ പുരുഷനും പിന്നില്‍ ഒരു സ്ത്രീ ഉണ്ടെന്ന് ഒരു പഴഞ്ചൊല്ലുണ്ട്, എന്നാല്‍ ഇന്ന് അതിന് പകരം പറയേണ്ടത് എല്ലാ വിജയിച്ച പുരുഷനൊപ്പവും ഒരു സ്ത്രീയുമുണ്ടെന്നാണ്

നാരീശക്തിയെ അഭിനന്ദിക്കുകയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിയില്‍ സ്ത്രീകള്‍ നല്‍കിയ സംഭാവനകളെയും രാഷ്‌ട്രപതി അടിവരയിട്ട് വിശേഷിപ്പിച്ചു.

 

Related Articles

Back to top button