India

തീവ്രവാദ ആക്രമണ സാദ്ധ്യത; രാജസ്ഥാൻ ജാഗ്രതയിൽ

“Manju”

ജയ്പൂർ: തീവ്രവാദ ആക്രമണ സാദ്ധ്യതയിൽ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുകളെ തുടർന്ന് രാജസ്ഥാനിൽ സുരക്ഷ ശക്തമാക്കി. അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ നിരോധനാജ്ഞയും കർഫ്യൂവും ഉൾപ്പെടെയുളള കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രികാലങ്ങളിൽ അതിർത്തിഗ്രാമങ്ങളിൽ പടക്കം പൊട്ടിക്കുന്നതിനും യാത്രകൾക്കും ബാൻഡ് വാദ്യത്തിനും ഉൾപ്പെടെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയും പാകിസ്താനും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലുളള മേഖലകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങൾ അടിയന്തിരമായി പ്രാബല്യത്തിൽ വന്നതായും സെപ്തംബർ 11 വരെ നിലനിൽക്കുമെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

പാകിസ്താനിൽ നിന്നും അതിർത്തി വഴി നുഴഞ്ഞുകയറിയ തീവ്രവാദികളും ദേശവിരുദ്ധ ശക്തികളും രാജസ്ഥാനിലെ അതിർത്തി മേഖലകളിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളെന്ന് ശ്രീഗംഗാനഗർ ജില്ലാ മജിസ്‌ട്രേറ്റ് സാക്കിർ ഹുസൈൻ പറഞ്ഞു. ശ്രീഗംഗാനഗറിനെ കൂടാതെ കരൺപൂർ, റെയ്‌സിംഗ് നഗർ, അനൂപ്ഗഢ്, ഘർസാന ബ്ലോക്കുകളിലാണ് നിയന്ത്രണങ്ങൾ.

രാത്രി 7 മുതൽ രാവിലെ 6 വരെയാണ് ജനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കൃഷിയിടങ്ങളിൽ കാർഷികവൃത്തി ചെയ്യുന്നവർ ഇതിനായി ബോർഡർ പോസ്റ്റ് ഓഫീസർമാരുടെയോ പോലീസ് ഓഫീസറുടെയോ അനുമതി വാങ്ങണം. രാത്രി 7 മുതൽ രാവിലെ 6 വരെ പടക്കം പൊട്ടിക്കുന്നതിനും ബാൻഡ് വാദ്യത്തിനും വിലക്കുണ്ട്. കേന്ദ്ര -സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

യുപിയിൽ കഴിഞ്ഞ ദിവസം രണ്ട് അൽ ഖ്വായ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ബിഹാർ പോലീസും സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാനത്തിന്റെ അതിർത്തിമേഖലകളിലും റെയിൽവേ സ്‌റ്റേഷനുകളിലും ഉൾപ്പെടെയാണ് ബിഹാർ ജാഗ്രതാ നിർദ്ദേശം നൽകിയത്.

Related Articles

Back to top button