KeralaLatest

കല്ലുവാതുക്കൽ വിഷമദ്യദുരന്തം: മണിച്ചൻ ജയിൽ മോചിതനായി

“Manju”

തിരുവനന്തപുരം; കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചൻ ജയിൽ മോചിതനായി. നെട്ടുകാൽത്തേരി ജയിലില്‍ നിന്നാണ് 22 വർഷത്തെ ജയിൽവാസത്തിനുശേഷം മണിച്ചൻ മോചിതനാകുന്നത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ മണിച്ചൻ തയാറായില്ല. പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞശേഷം മണിച്ചൻ ചിറയിൻകീഴിലെ വീട്ടിലേക്കു പോയി. മദ്യദുരന്തം ഉണ്ടായ അതേ ദിവസമാണ് മണിച്ചന്റെ മോചനവും. 2000 ഒക്ടോബർ 21നായിരുന്നു മദ്യദുരന്തം. മഞ്ഞ ഷാൾ അണിയിച്ചാണ് സുഹൃത്തുക്കള്‍ മണിച്ചനെ സ്വീകരിച്ചത്.

മണിച്ചനടക്കം 33 പേരെ മോചിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും പിഴത്തുക ഒടുക്കാൻ കഴിയാത്തതിനാൽ മോചനം നീളുകയായിരുന്നു. മണിച്ചന്റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്നാണ് മോചനം സാധ്യമായത്. മണിച്ചനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പിഴയായി വിധിച്ച 30.45 ലക്ഷം രൂപ ഈടാക്കാതെ തന്നെ ഉടൻ മോചിപ്പിക്കാനായിരുന്നു കോടതിയുടെ ഉത്തരവ്.

രാവിലെ 11 മണിയോടെ മണിച്ചന്റെ മകൻ പ്രവീണും സഹോദരൻ കൊച്ചനിയും അഭിഭാഷകനും എസ്എൻഡിപി ഭാരവാഹികളും ജയിലിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി 12 മണിക്ക് മണിച്ചൻ ജയിൽ മോചിതനായി. സഹതടവുകാരോടും ജയിൽ അധികൃതരോടും സന്തോഷം പങ്കിട്ടാണ് മണിച്ചൻ പുറത്തെത്തിയത്. കൃഷി നടത്തി ജീവിക്കാനാണ് താൽപര്യമെന്നാണ് മണിച്ചൻ ജയിൽ അധികൃതരോട് പറഞ്ഞത്. 2000 ഒക്ടോബര്‍ 21നാണ് കൊല്ലത്തെ കല്ലുവാതുക്കൽ, പട്ടാഴി അടക്കമുള്ള സ്ഥലങ്ങളിൽ മദ്യദുരന്തമുണ്ടായത്. 31 പേരാണ് ഹയറുന്നീസയെന്ന മദ്യവിതരണക്കാരി വിതരണം ചെയ്ത വ്യാജമദ്യം കുടിച്ച് മരിച്ചത്. നിരവധിപേര്‍ക്ക് ശാരീക പ്രശ്നങ്ങളുണ്ടായി. 1982ലെ വൈപ്പിൻ വിഷമദ്യദുരന്തത്തിനുശേഷം ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടമായ മദ്യദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. അപകടമുണ്ടായി 35ദിവസത്തിനുശേഷം നാഗർകോവിലിൽനിന്നാണ് മണിച്ചനെ അറസ്റ്റു ചെയ്തത്.

Related Articles

Back to top button