KeralaLatest

വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാകുന്നതിനൊപ്പം സേവനവും സ്മാര്‍ട്ടാക്കും: റവന്യു മന്ത്രി

“Manju”

കോഴിക്കോട്: വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ സ്മാര്‍ട്ടാകുന്നതിനൊപ്പം സേവനവും സ്മാര്‍ട്ടാകാന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. കളക്‌ട്രേറ്റ് ചേംബറില്‍ ചേര്‍ന്ന റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, സേവനം സ്മാര്‍ട്ടാക്കല്‍ എന്നിവയാണ് ലക്ഷ്യം. രണ്ടു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കാനാണ് ലക്ഷ്യമിടുന്നത്.

നിയമങ്ങള്‍ക്കകത്ത് നിന്ന് പരമാവധി പേര്‍ക്ക് പട്ടയവും ക്രയവിക്രയ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കും. പട്ടയത്തിന് അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കാനുള്ള സംവിധാനമുണ്ടാകും. അനധികൃത ഭൂമി കൈവശം വെക്കുന്നവരില്‍ നിന്ന് അത് തിരിച്ചുപിടിക്കും. ഡിജിറ്റല്‍ സര്‍വേയടക്കമുള്ള പ്രവര്‍ത്തനങ്ങളിലൂടെ സര്‍വേ നടപടികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച്‌ സ്‌പെഷല്‍ ഡ്രൈവ് നടത്തുന്നതിന് എംഎല്‍എമാരോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. മേഖലകള്‍ കേന്ദ്രീകരിച്ച്‌ റവന്യൂ വിജിലന്‍സ് സംവിധനം വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

നികുതി കെട്ടാത്ത വിഭാഗത്തിലുള്ള ഭൂമിയുടെ തരം മാറ്റല്‍, സര്‍വേ നടക്കാത്ത വില്ലേജുകള്‍ എന്നിവ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ദേശീയപാത 17 ഭൂമി ഏറ്റെടുക്കല്‍ സ്പെഷല്‍ ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയത്തിന് ആവശ്യമായ ജീവനക്കാരെ അനുവദിക്കുന്നത് പരിഗണിക്കും. കെഎല്‍ആര്‍ ആക്‌ട് പ്രകാരം ഒഴിവാക്കപ്പെട്ട ഭൂമി മുറിച്ചു വില്‍ക്കുന്നത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

സിവില്‍ സ്റ്റേഷന്‍ നവീകരണം സംബന്ധിച്ചുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയതായി ജില്ലാ കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മാതൃകാ സിവില്‍ സ്റ്റേഷനാക്കി മാറ്റുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 10 കോടിയും മറ്റ് നവീകരണങ്ങള്‍ക്കായി 16 കോടിയുടെയും എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. ഇത് സമര്‍പ്പിക്കുന്ന മുറക്ക് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു. സബ്കളക്ടര്‍ ചെല്‍സ സിനി, വിവിധ ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, സര്‍വേ വിഭാഗം മേധാവികള്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button