KeralaLatest

വെല്ലുവിളികളെ അതിജീവിച്ച് മുഴുവൻ വിഷയങ്ങൾക്കും ‘എ പ്ലസ്’ നേടി നന്ദന

“Manju”

പത്തനംതിട്ട: വെല്ലുവിളികളെ അതിജീവിച്ച് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പത്തനംതിട്ട ഇടമാലി സ്വദേശിനി നന്ദന ഒരു നാടിന്റെ അഭിമാനമാവുകയാണ്. ഐഎഎസ് നേടുകയാണ് ജന്മനാ ദിവ്യാംഗയായ നന്ദനയുടെ ലക്ഷ്യം.

കഷ്ടപ്പാടുകൾക്കിടയിലും പഠനത്തിൽ മിടുക്കിയായ മകളുടെ വിദ്യാഭ്യാസകാര്യത്തിൽ എല്ലാ പിന്തുണയും നൽകി ഈ കുടുംബം ഒപ്പമുണ്ട്. നടക്കാനും യാത്ര ചെയ്യാനും ബുദ്ധിമുട്ടുളള മകളെ ദിവസവും 200 രൂപ ഓട്ടോക്കൂലി മുടക്കിയാണ് ഇവർ സ്‌കൂളിൽ അയച്ചിരുന്നത്. നന്ദനയുടെ വിജയമറിഞ്ഞതോടെ ഇടമാലിയിലെ കുഞ്ഞു വീട്ടിലേക്ക് അഭിനന്ദനപ്രവാഹമാണ്.

അവൾ എന്നെയും കൂടിയാണ് ജയിപ്പിച്ചതെന്നായിരുന്നു സന്തോഷക്കണ്ണീരോടെ നന്ദനയുടെ അമ്മയുടെ പ്രതികരണം. മിടുക്കിയായി പഠിച്ച് സേവനം നടത്തുകയാണ് നന്ദനയുടെ ആഗ്രഹമെന്ന് അമ്മ പറയുന്നു. പഠനത്തോടൊപ്പം ചിത്രകലയിലും മിടുക്കിയാണ് നന്ദന. ജൻമനാ വലതുകൈമുട്ടിന് താഴേക്ക് നഷ്ടമായ നന്ദന ഇടംകൈ കൊണ്ടാണ് നോട്ടുകൾ ഉൾപ്പെടെ എഴുതി പഠിക്കുന്നത്. ചിത്രരചനയും ഈ കൈകൊണ്ടു തന്നെയാണ്.

നന്ദനയുടെ സ്വപ്‌നങ്ങൾക്ക് ചിറക് നൽകാൻ അമൃതധാര ഗോശാല എല്ലാ സഹായവും വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നിട്ടുണ്ട്. അമൃതധാര ഗോശാല ഡയറക്ടറും സമൂഹ്യ പ്രവർത്തകനുമായ അജയകുമാർ വല്ലുഴത്തിൽ നന്ദനയെ വീട്ടിൽ എത്തി പൊന്നാട അണിയിച്ച് അനുമോദിക്കുകയും സഹായം ഉറപ്പുനൽകുകയുമായിരുന്നു.

Related Articles

Back to top button