LatestThiruvananthapuram

വനിതകള്‍ ഗൃഹനാഥരായിട്ടുള്ളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം

“Manju”

തിരുവനന്തപുരം : വനിതകള്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായമായി ഒന്നാം ക്ലാസ് മുതല്‍ ബിരുദാനന്തരബിരുദം വരെയുള്ള വിവിധ ക്ലാസുകളില്‍ ധനസഹായം നല്‍കുന്നു. സര്‍ക്കാര്‍ വനിതാശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി ബിപിഎല്‍ (മുന്‍ഗണനാ വിഭാഗം) വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് അര്‍ഹതയുള്ളത്. 1 മുതല്‍ 5-ാം ക്ലാസ് വരെ വര്‍ഷം 3000 രൂപ, 6-ാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെ 5000 രൂപ, +1,+2 പഠിക്കുന്നവര്‍ക്ക് വര്‍ഷം 7500 രൂപ, ഡിഗ്രി മുതല്‍ പഠിക്കുന്നവര്‍ക്ക് വര്‍ഷം 10000 രൂപ എന്നിങ്ങനെയാണ് ധനസഹായം.

വിവാഹമോചിതരായ വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കും. അതേസമയം പുനര്‍വിവാഹം കഴിച്ചവര്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹതയില്ല. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ വനിതകളുടെ മക്കള്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകളുടെ മക്കള്‍ എന്നിവര്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ട്. ഇപ്രകാരമുള്ള അപേക്ഷകള്‍ സ്വീകരിക്കുമ്പോള്‍ ബന്ധപ്പെട്ട റവന്യൂ/ വില്ലേജ് ഓഫീസറില്‍ നിന്നും സാക്ഷ്യപത്രം ഹാജരാക്കണം. ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/ പക്ഷാഘാതം കാരണം ജോലി ചെയ്യാനും കുടുംബം പുലര്‍ത്താനും കഴിയാത്തവിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകളുടെ മക്കള്‍ക്ക് ധനസഹായം ലഭിക്കും. അപേക്ഷയോടൊപ്പം സര്‍ക്കാര്‍ ഡോക്ടറില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി അപ്‌ലോഡ് ചെയ്യണം.

നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവരുടെ മക്കള്‍ക്കും ധനസഹായമുണ്ട്. ഇത്തരം അപേക്ഷയോടൊപ്പം ബന്ധപ്പെട്ട ഐസിഡിഎസ് സൂപ്പര്‍വൈസറുടെ സാക്ഷ്യപത്രവും നല്‍കണം. .ആര്‍.ടി തെറാപ്പി ചികിത്സയ്ക്ക് വിധേയരാകുന്ന എച്ച്‌ഐവി ബാധിതരായ വ്യക്തികളുടെ കുട്ടികള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ട്. ഇവര്‍ അപേക്ഷയോടൊപ്പം സര്‍ക്കാര്‍ ഡോക്ടറില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി അപ്‌ലോഡ് ചെയ്യണം. ഒരു കുടുംബത്തിലെ പരാമാവധി രണ്ട് കുട്ടികള്‍ക്ക് മാത്രമേ ധനസഹായത്തിന് അര്‍ഹതയുള്ളു. സംസ്ഥാന/ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഒരു വിധത്തിലുള്ള സ്‌കോളര്‍ഷിപ്പും ലഭിക്കുന്നില്ല എന്ന സാക്ഷ്യപത്രം വിദ്യാഭ്യാസ മേധാവിയില്‍ നിന്നും വാങ്ങി അപേക്ഷയോടൊപ്പം നല്‍കണം.

ഒരു സാമ്പത്തിക വര്‍ഷം ഒരു ജില്ലയില്‍ നിന്നും ഒറ്റത്തവണ മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയും ധനസഹായം അനുവദിക്കുകയും ചെയ്യുകയുള്ളു. അങ്കണവാടി പ്രവര്‍ത്തകര്‍ വഴിയാണ് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ധനസഹായം ലഭിക്കുന്നത്. സ്വകാര്യസ്ഥാപനങ്ങളിലോ മറ്റ് അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലോ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലെ ട്യൂഷന്‍ സെന്ററുകളിലോ പഠിക്കുന്നവര്‍ ധനസഹായത്തിന് അര്‍ഹരല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.schemes.wcd.kerala.gov.in

 

Related Articles

Back to top button