KeralaLatest

മുന്‍കരുതലൊരുക്കി വരവേല്പ്;ആളൊഴിഞ്ഞ് മാളുകള്‍

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: കേന്ദ്രം അനുവദിച്ച ഇളവുകളോടെ മുന്‍കരുതലുകള്‍ കര്‍ശനമാക്കി നഗരത്തില്‍ മാളുകള്‍ തുറന്നെങ്കിലും ആദ്യ ദിവസം ഉപഭോക്താക്കളുടെ തിരക്കുണ്ടായില്ല. ഓവര്‍ബ്രിഡ്‌ജിലെ പോത്തീസ്, ചാക്കയിലെ മാള്‍ ഓഫ് ട്രാവന്‍കൂര്‍, പാറ്റൂരിലെ ആര്‍ടെക്, അട്ടക്കുളങ്ങരയിലെ രാമചന്ദ്രന്‍ തുടങ്ങി വലുതും ചെറുതുമായ എല്ലാ മാളുകളും പൊതുവെ ശൂന്യമായിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച്‌ 24ന് പ്രവര്‍ത്തനം നിറുത്തിവച്ച മാളുകളാണ് ഇന്നലെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. എന്റര്‍ടെയിന്‍മെന്റ് സോണുകളുടെയും സിനിമാ തിയേറ്ററുകളുടെയും സേവനങ്ങളില്ലാതെ പകുതി ജീവനക്കാരുമായാണ് തുറന്നത്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്‌ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ഇവ തുറന്നുകൊടുത്തതെന്നും മാളുകളുടെ മാനേജ്മെന്റ് വ്യക്തമാക്കി. പൊലീസിന്റേതടക്കമുള്ള പരിശോധനകള്‍ നടത്തി സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയിരുന്നു. പരിശോധനയ്‌ക്കായി പ്രത്യേകം ജീവനക്കാരെയും ചില മാളുകളില്‍ നിയമിച്ചു. മുന്‍കരുതലിന്റെ ഭാഗമായി രാവിലെ 11 മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തനസമയം.

ആരോഗ്യ സേതുവും, തിരിച്ചറിയല്‍ കാ‌ര്‍ഡും നിര്‍ബന്ധം :
മാളുകളില്‍ എത്തുന്നവര്‍ ഫോണുകളില്‍ ആരോഗ്യ സേതു ആപ്പും, കെെയില്‍ തിരിച്ചറിയല്‍ കാര്‍‌ഡുകളും കരുതണം. ഇവ രണ്ടും നി‌ര്‍ബന്ധമാക്കിയാണ് ഉപഭോക്താക്കളെ മാളുകളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഇതിനു പുറമെ വരുന്നവരുടെ പേരും ഫോണ്‍ നമ്പരും സ്വദേശവും രജിസ്റ്ററില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം രേഖപ്പെടുത്തുന്നുണ്ട്. കൂട്ടമായി എത്തുന്നവര്‍ ഒന്നോ രണ്ടോ ആള്‍ക്കാരുടെ പേരു വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ മതിയാകും.
മുന്‍കരുതലുകള്‍:
കവാടം മുതല്‍ കവാടത്തില്‍ കെെകൊണ്ട് സ്പര്‍ശിക്കാതെ ഉപയോഗിക്കാവുന്ന തരത്തില്‍ സാനിറ്റൈസര്‍ വെന്റിംഗ് മെഷിനുകള്‍ സ്ഥാപിച്ചു. രണ്ടാം ഘട്ടമായി തെര്‍മല്‍ സ്കാനിംഗും സജ്ജമാക്കി. 38 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ശരിരോഷ്‌മാവ് ഉള്ളവര്‍ക്ക് പ്രവേശനമില്ല. 10 വയസിനും താഴെയുള്ളവരും 60 വയസിന് മുകളിലുള്ളവരുമെത്തിയാല്‍ അവരെ അകത്ത് പ്രവേശിപ്പിക്കാതെ ലോബിയില്‍ ഇരുത്തും. മുഖാവരണവും സാമൂഹിക അകലവും ഉറപ്പാക്കി മാത്രം അകത്തേക്ക് പ്രവേശനം. റസ്റ്റോറന്റുകള്‍ക്കു മുന്നില്‍ ഇരിപ്പിടങ്ങള്‍ പുനര്‍ക്രമീകരിച്ചിരുന്നു. പ്രത്യേക പരിശീലനം നേടിയ പാന്റെമിക് റെസ്‌പോണ്‍സ് ടീമിനെയും സജ്ജമാക്കി. 1.5 മീറ്റര്‍ അകലം അടയാളപ്പെടുത്തിയ സ്റ്റിക്കറുകളും പോസ്റ്ററുകളും പതിച്ചു. ഇതോടൊപ്പം ഇടവേളകളില്‍ സാമൂഹിക അകലം ഒാര്‍മ്മിപ്പിച്ച്‌ അനൗണ്‍സ്‌മെന്റുമുണ്ടായിരുന്നു.
ടെയ് ലറിംഗ് ഇല്ല :
തുണിക്കടകളില്‍ ടെയ് ലറിംഗ് ഒഴിവാക്കിയിരുന്നു. നി‌ര്‍ബന്ധമുള്ളവ‌ര്‍ക്ക് മാത്രം ഒറ്റ തവണ അനുവദിച്ചു. ഇതിനുശേഷം ഉപയോഗിച്ച തുണി സാനിറ്റെെസ് ചെയ്‌ത് 24 മണിക്കൂറിന് ശേഷമാകും വീണ്ടും ഷെല്‍ഫിലെത്തുക. മിക്ക കടകളും സോഷ്യല്‍ മീഡിയ വഴി ഓണ്‍ലെെന്‍ ഷോപ്പിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.

Related Articles

Back to top button