InternationalLatest

ഹൃദയവും വിലയ്ക്കുവാങ്ങാം

“Manju”

പാരിസ്​: മനുഷ്യ ജീവിതവും വ്യവഹാരങ്ങളും കൂടുതല്‍ ലളിതമാക്കി നിര്‍മിത ബുദ്ധി അഥവാ ആര്‍ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്​ നമ്മോടോപ്പം കൂട്ടുകൂടിയിട്ട്​ ഏറെയായി. സങ്കീര്‍ണത ആവശ്യപ്പെടുന്ന ബൗദ്ധിക ഇടപെടലുകള്‍ക്ക്​ നിര്‍മിത ബുദ്ധിയുടെ സഹായം കൂടാതെ കഴിയില്ല. എന്നാല്‍, ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ ഹൃദയവും കൃത്രിമമായി നിര്‍മിച്ച്‌​ ശരീരത്തില്‍ ഘടിപ്പിച്ചാല്‍ പ്രവര്‍ത്തനം സുഗമമാകുമോ? ഹൃദ്രോഗം ലോകത്തുടനീളം മനുഷ്യന്​ വെല്ലുവിളി ഉയര്‍ത്തുന്ന കാലത്ത്​ അതും സാധ്യമെന്ന്​ തെളിയിക്കുകയാണ്​ ഫ്രഞ്ച്​ കമ്പനി.
കൃത്രിമ അവയവ നിര്‍മാണ രംഗത്തെ സാന്നിധ്യമായ ഫ്രഞ്ച്​ കമ്ബനി ‘കാര്‍മറ്റ്​’ ആണ്​ ആദ്യമായി വ്യാവസായികാടിസ്​ഥാനത്തില്‍ നിര്‍മിച്ച കൃത്രിമ ഹൃദയം വില്‍പന നടത്തിയത്​. രോഗിയുടെ ഹൃദയത്തില്‍ ഇത്​ ഘടിപ്പിക്കുകയും ചെയ്​തു. 2008ല്‍ കമ്ബനി സ്​ഥാപിച്ച ശേഷം ആദ്യമായാണ്​ നിര്‍മിത ഹൃദയം രോഗിയില്‍ ഘടിപ്പിക്കുന്നതെന്നും ഇറ്റാലിയന്‍ നഗരമായ നേപിള്‍സിലെ അസിയന്‍ഡ ഓസ്​പെഡലിയറ ആശുപത്രിയില്‍ ഡോ. സിറോ മായ​ല്ലോയുടെ കാര്‍മികത്വത്തില്‍ വെച്ചുപിടിപ്പിക്കല്‍ പൂര്‍ത്തിയായതായും കമ്പനി അറിയിച്ചു.
നിര്‍മിത ഹൃദയ നിര്‍മാണത്തിന്​ കമ്പനി 2020ല്‍ യൂറോപ്യന്‍ യൂ​നിയന്‍ ലൈസന്‍സ്​ നേടിയിരുന്നു. രോഗിക്ക്​ അഞ്ചു വര്‍ഷം വരെ അധിക ആയുസ്സ്​ നല്‍കാന്‍ ശേഷിയുള്ളതാണ്​ കൃത്രിമ ഹൃദയമെന്നാണ്​ കമ്പനിയുടെ അവകാശവാദം. ഏകദേശം 1.3 കോടിയിലേറെ രൂപയാണ്​ കൃത്രിമ ഹൃദയത്തിന്​ ചെലവെന്ന്​ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു.
2019ല്‍ 11 രോഗികളില്‍ കമ്പനി നടത്തിയ പരീക്ഷണങ്ങളില്‍ ആറു മാസം വരെ രോഗികള്‍ക്ക്​ അധിക ആയുസ്സ്​ ലഭിച്ചെന്നാണ്​ കണ്ടെത്തല്‍. സാധാരണ മനുഷ്യ​ ഹൃദയത്തെക്കാള്‍ ഭാരം കൂടുതലാണ്​ നിര്‍മിത ഹൃദയത്തിന്​. ഒരു കിലോയോളം വരും. ഇതിന്റെ മൂന്നിലൊന്നേ മനുഷ്യ ഹൃദയത്തിന്​ വരൂ. ഇറ്റലിയിലാണ്​ വില്‍പന നടത്തിയതെങ്കിലും ജര്‍മനി ഉള്‍പെടെ മറ്റു രാജ്യങ്ങളിലും ഭാവിയില്‍ വില്‍പന തകൃതിയാക്കാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​.

Related Articles

Back to top button