KeralaLatest

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും

“Manju”

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ബുധനാഴ്ച ആരംഭിക്കും. 21-ന് ആരംഭിക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന സമ്മേളനം ബലി പെരുന്നാള്‍ ആഘോഷം 21-ലേക്ക് മാറിയ സാഹചര്യത്തിലാണ് 22 മുതല്‍ ചേരാന്‍ തീരുമാനിച്ചത്. 2021-22 വര്‍ഷത്തെ ബഡ്ജറ്റിലെ ധനാഭ്യര്‍ത്ഥനകളില്‍ വിവിധ സബ്ജക്‌ട് കമ്മിറ്റികള്‍ നടത്തിയ സൂക്ഷ്മ പരിശോധനയെത്തുടര്‍ന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളിലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് പ്രധാനമായും ഈ സമ്മേളനത്തില്‍ നടക്കുക.

20 ദിവസം സമ്മേളിക്കുവാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതില്‍ 4 ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി നീക്കിവച്ചിട്ടുണ്ട്. 2021-22 വര്‍ഷത്തേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയ്ക്കും ബഡ്ജറ്റിലെ ധനാഭ്യര്‍ത്ഥനകളിലുള്ള ധനവിനിയോഗ ബില്ലിന്റെ പരിഗണനയ്ക്കും വേണ്ടിയും ഓരോ ദിവസങ്ങള്‍ മാറ്റിവച്ചിട്ടുണ്ട്.സമ്മേളന കാലത്തുള്ള ഒരു ദിവസം, നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്.

മുന്‍ സമ്മേളനങ്ങളില്‍ സ്വീകരിച്ചിരുന്നതുപോല സമ്പൂര്‍ണ്ണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഇത്തവണയും സമ്മേളന നടപടികള്‍ നടക്കുന്നത്. കോവിഡ് വാക്സിനേഷന്റെ രണ്ട് ഡോസുകളും പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്ത അംഗങ്ങള്‍ക്കുവേണ്ടി അതിനായുള്ള സൗകര്യം ഒരുക്കുന്നതാണ്. അതുപോലെ ആന്റിജന്/ ആര്‍. ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തുന്നതിനുള്ള സൗകര്യവും സമ്മേളനത്തോട നുബന്ധിച്ച്‌ ഒരുക്കുന്നതാണെന്നും സ്പീക്കര്‍ അറിയിച്ചു.

Related Articles

Back to top button