IndiaLatest

വിദ്യാര്‍ഥികള്‍ക്ക് പലിശ രഹിത വായ്പ പദ്ധതിയുമായി മുത്തൂറ്റ്

“Manju”

കൊച്ചി: കോവിഡ് കാലത്ത് വിദ്യാഭ്യാസമെല്ലാം ഓണ്‍ലൈനിലായതോടെ പല വിദ്യാര്‍ഥികളും മൊബൈല്‍ ഫോണും ലാപ്ടോപ്പുമില്ലാതെ പ്രയാസപ്പെടുന്ന സാഹചര്യം നമ്മുടെയെല്ലാം ചുറ്റുപാടില്‍ കണ്ടിട്ടുണ്ടാവാം. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച്‌ ഒരു വര്‍ഷം കഴിയുമ്പോഴും അത്തരത്തിലുള്ള വിദ്യാര്‍ഥികള്‍ ഉണ്ടെന്നത് മറച്ചുവെക്കാനാകാത്ത വാസ്തവമാണ്. ഈ പ്രതിസന്ധിക്ക് ഒരു പരിഹാരമൊരുക്കുകയാണ് പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ്.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ ഉപകരണങ്ങളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍, ടാബുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പുതിയ വായ്പാ പദ്ധതിയായ റീസ്റ്റാര്‍ട്ട് ഇന്ത്യ വിദ്യാധന്‍ ഗോള്‍ഡ് ലോണ്‍ അവതരിപ്പിക്കുകയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. പരമാവധി 10000 രൂപ വരെ ഇത്തരത്തില്‍ നേടാം. ആറു മാസത്തെ കാലാവധിയിലായിരിക്കും വായ്പ അനുവദിക്കുക. ഇതില്‍ ആദ്യ മൂന്ന് മാസം പലിശ അടയ്ക്കേണ്ടതില്ല.
വിദ്യാര്‍ത്ഥിയുടെ ഐഡി കാര്‍ഡിന്റെ കോപ്പി സഹിതമാണ് വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്. പദ്ധതിയുടെ കീഴില്‍ ഒരാള്‍ക്ക് ഒരു വായ്പയേ നല്‍കുകയുള്ളു. കോവിഡിനെത്തുടര്‍ന്ന് 2020-ലെ ആദ്യ ലോക്ഡൗണ്‍ സമയത്ത് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് തുടക്കമിട്ട പദ്ധതിയായ റീസ്റ്റാര്‍ട്ട് ഇന്ത്യാ പദ്ധതിയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഈ പലിശരഹിത വായ്പാ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.
ചെറുകിട വ്യാപാരികളുടെ സഹായിക്കുന്നതിനു ലക്ഷ്യമിട്ട് ആരംഭിച്ച റീസ്റ്റാര്‍ട്ട് ഇന്ത്യാ പദ്ധതി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയാണ് 2020 ജൂലൈ 23-ന് ഉദ്ഘാടനം ചെയ്തത്. പദ്ധതിയിലൂടെ ചെറുകിട വ്യാപാരികളുടെ സവിശേഷ ആവശ്യങ്ങള്‍ കണക്കിലെടുത്തുള്ള വായ്പാ പദ്ധതികള്‍, കച്ചവടം വര്‍ധിപ്പിക്കുന്നതിനുള്ള ഉപദേശ സേവനങ്ങള്‍, മാര്‍ക്കറ്റിംഗ് മെച്ചപ്പെടുത്തുന്നതിനുള്ള ഡിജിറ്റല്‍ പരിശീലനങ്ങള്‍, നേരിട്ട് വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുള്ള ഷോപ്പിംഗ് ധമാക്ക എന്നിവയവതരിപ്പിക്കാന്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് കഴിഞ്ഞു. രാജ്യത്തെ എംഎസ്‌എംഇ മേഖലയിലെ 27 ലക്ഷത്തോളം വരുന്ന ഉപയോക്താക്കള്‍ക്ക് 20,000 കോടി രൂപയാണ് വിവിധ ഇളവുകളോടെ കമ്പനി ഇക്കാലയളവില്‍ വായ്പകളായി നല്‍കിയത്.

Related Articles

Back to top button