IndiaLatest

സൗജന്യ യാത്ര അനുവദിക്കുന്നത് ആര്‍ക്കെല്ലാം: വിശദമാക്കി എയര്‍ ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: സൗജന്യ യാത്ര അനുവദിക്കുന്നത് ആര്‍ക്കെല്ലാമെന്ന് വിശദമാക്കി എയര്‍ ഇന്ത്യ. മൂന്ന് പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് എയര്‍ ഇന്ത്യ സൗജന്യ ടിക്കറ്റുകള്‍ നല്‍കിയത്.  വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് എയര്‍ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഭാരത് രത്നാ ജേതാക്കള്‍, ഗോള്‍ഡന്‍ ട്രിബ്യൂട്ട് കാര്‍ഡ് ഹോള്‍ഡര്‍മാര്‍(ഇന്ത്യയുടെ ഭരണഘടന നിര്‍മാണസഭയിലെ അംഗങ്ങള്‍), ആന്തമാന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍- അവരുടെ വിധവകള്‍ എന്നിവര്‍ക്കാണ് എയര്‍ ഇന്ത്യ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും പ്രത്യേക വിഭാഗങ്ങള്‍ക്ക് സൗജന്യ ടിക്കറ്റ് അനുവദിക്കുന്ന രീതി എയര്‍ ഇന്ത്യ തുടരുന്നുണ്ട്. എയര്‍ ഇന്ത്യയുടെ സൗജന്യ യാത്രാ സൗകര്യം പ്രയോജനപ്പെടുത്തുന്ന ഏക ഭാരതരത്ന ജേതാവ് അമര്‍ത്യാ സെന്‍ ആണെന്ന് നേരത്തെ എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു. മുന്‍പ് ഇന്ത്യാ ടുഡേ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതുവരെ 21 തവണയാണ് അമര്‍ത്യാ സെന്‍ സൗജന്യ യാത്രാ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുള്ളത്.

ആന്തമാന്‍ സ്വാതന്ത്ര്യ സമരസേനാനികള്‍-അവരുടെ വിധവകള്‍ എന്നിവര്‍ക്ക് വര്‍ഷത്തിലൊരിക്കലാണ് സൗജന്യ യാത്രയ്ക്കുള്ള അവസരം നല്‍കുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ അമ്പതാം വാര്‍ഷികത്തിലാണ് ഭരണഘടനാ നിര്‍മാണ സഭയിലെ ജീവിച്ചിരിക്കുന്ന അംഗങ്ങള്‍ക്ക് ഗോള്‍ഡന്‍ ട്രിബ്യൂട്ട് കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്.

Related Articles

Back to top button