LatestThiruvananthapuram

പി എഫ് എം എസ്, സ്റ്റേറ്റ് നോഡല്‍ അക്കൗണ്ട് നടപ്പാക്കല്‍; കേരളത്തിന് ഒന്നാം സ്ഥാനം

“Manju”

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ധനവിനിയോഗവും മേല്‍നോട്ടവും പൂര്‍ണ്ണമായും പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം, സ്റ്റേറ്റ് നോഡല്‍ അക്കൗണ്ട് മുഖേന ചിലവഴിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ബഹുമതി കേരളം കരസ്ഥമാക്കിയെന്ന് തദ്ദേശസ്വയം ഭരണ മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. സംസ്ഥാനത്തിന് ഇത് സംബന്ധിച്ച്‌ അറിയിപ്പ് കിട്ടിയതായും അമൃത് പദ്ധതി വഴിയാണ് നേട്ടം കൈവരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പദ്ധതി വിഹിതം ചെലവഴിക്കുന്നത് പി എഫ് എം എസ് മുഖേനയാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. രണ്ട് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും ചിലവുകളുടെ ക്രോഡീകരിച്ച വിവരങ്ങളും വിവിധ തലങ്ങളിലുള്ള പദ്ധതി നിര്‍വഹണ ഏജന്‍സികളുടെ ധനവിനിയോഗ വിവരങ്ങളും ഗുണഭോക്താക്കള്‍ക്ക് നേരിട്ട് പണം കൈമാറുന്നതിനുള്ള സൗകര്യങ്ങളുമൊക്കെ ലഭ്യമാക്കുന്ന വെബ് പോര്‍ട്ടലാണ് പി എഫ് എം എസ് സംവിധാനം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്സിന്റെ നിയന്ത്രണത്തിലാണ് പി എഫ് എം എസ് പോര്‍ട്ടല്‍.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച്‌ ഒന്‍പത് അമൃത് നഗരങ്ങളിലും പദ്ധതി ചെലവുകള്‍ പൂര്‍ണമായും പി എഫ് എം എസ് വഴിയാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. അമൃത് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന സ്റ്റേറ്റ് മിഷന്‍ മാനേജ്മെന്റ് യൂണിറ്റ് മുഖേനയാണ് സംസ്ഥാനം നേട്ടം കൈവരിച്ചത്. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അമൃത് മിഷന്‍ ഡയറക്ടര്‍ രേണുരാജിനെയും മറ്റ് ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.

Related Articles

Back to top button