InternationalLatest

രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

“Manju”

കൊളംബോ: ശ്രീലങ്കയില്‍ പര്യടനത്തിലായിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങള്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ലെഗ്‌സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാലിനും ആള്‍റൗണ്ടര്‍ കെ ഗൗതമിനുമാണ് കൊവിഡ് പിടിപ്പെട്ടത്. ഇതോടെ ശ്രീലങ്കയില്‍ വച്ച്‌ കൊവിഡ് ബാധിച്ച ഇന്ത്യന്‍ താരങ്ങളുടെ എണ്ണം മൂന്നായി. നേരത്തെ മുതിര്‍ന്ന താരം കൃണാള്‍ പാണ്ഡ്യയ്ക്കും രോഗം പിടിപ്പെട്ടിരുന്നു. കൃണാളില്‍ നിന്നുമാകാം മറ്റ് രണ്ട് പേര്‍ക്കും രോഗം പകര്‍ന്നതെന്ന് കരുതുന്നു.

കൃണാള്‍ പാണ്ഡ്യയ്ക്ക് രോഗം പിടിപ്പെട്ടതോടെ ചഹാലും ഗൗതമും ഉള്‍പ്പെടെ താരവുമായി അടുത്ത ബന്ധത്തിലുണ്ടായിരുന്ന എട്ടുപേര്‍ ക്വാറന്റൈനിലായിരുന്നു. കൃണാളിന്റെ സഹോദരന്‍ ഹാര്‍ദിക് പാണ്ഡ്യ, പ്രിഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, ദീപക് ചഹര്‍, മനീഷ് പാണ്ഡെ, ഇഷാന്‍ കിഷന്‍ എന്നിവരാണ് ക്വാറന്റൈനില്‍ ഉണ്ടായിരുന്നവര്‍. ഇതില്‍ ഇംഗ്ലണ്ട് പര്യടനത്തിലേക്കുളള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിഥ്വി ഷായും സൂര്യകുമാര്‍ യാദവും കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയാല്‍ തിരിച്ച്‌ ഇന്ത്യയിലേക്ക് മടങ്ങാതെ ശ്രീലങ്കയില്‍ നിന്നും നേരിട്ട് ഇംഗ്ളണ്ടിലേക്ക് പോകുമെന്ന് ടീം വൃത്തങ്ങള്‍ അറിയിച്ചു. ഈ എട്ടു പേരില്‍ ബാക്കിയുള്ള നാലു പേര്‍ മറ്റ് ഇന്ത്യന്‍ താരങ്ങളോടൊപ്പം ഇന്ന് ഇന്ത്യയിലേക്ക് യാത്ര തിരിക്കും.

അതേസമയം കൊവിഡ് പിടിപ്പെട്ട കൃണാള്‍ പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹാല്‍, ഗൗതം എന്നിവര്‍ക്ക് പത്ത് ദിവസത്തേക്ക് ശ്രീലങ്കയില്‍ തുടരേണ്ടി വരും. ഇതിനു ശേഷം കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്നു തെളിഞ്ഞാല്‍ മാത്രമേ ഇന്ത്യയിലേക്ക് മടങ്ങാന്‍ സാധിക്കുകയുള്ളു. നിലവില്‍ ഇവര്‍ മൂന്ന് പേരും ശ്രീലങ്കന്‍ സര്‍ക്കാരിന്റെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലാണ്.

Related Articles

Back to top button