IndiaLatestSports

പരുക്കുകള്‍ വകവെക്കാതെ പോരാട്ടം, സതീഷ് കുമാറിന് തോല്‍വിയിലും കരുത്തേകി കായിക ലോകം

“Manju”

ടോക്യോ: തലയില്‍ ഏഴ് സ്റ്റിച്ചുകള്‍, കണ്ണിന് പരുക്ക്, എതിരാളിയായി വരുന്നത് ലോക ചാമ്ബ്യന്‍, ഒളിമ്ബിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ബോക്സിങ്ങില്‍ സൂപ്പര്‍ ഹെവിവെയ്റ്റ് ഇനത്തിലെ ക്വാര്‍ട്ടറില്‍ ഇറങ്ങിയ സതീഷ് കുമാറിന് നേരിടേണ്ടി വന്നത് ഒന്നിലധികം വെല്ലുവിളികള്‍. ഈ വിഭാഗത്തില്‍ കഴിഞ്ഞ മത്സരത്തിലേറ്റ പരിക്ക് കാരണം അദ്ദേഹത്തിന് കളിക്കാന്‍ കഴിയുമോ എന്ന കാര്യം പോലും സംശയമായിരുന്നു. സാരമുള്ള പരുക്കായിരുന്നതിനാല്‍ വേണമെങ്കില്‍ മത്സരത്തിനിറങ്ങാതിരിക്കാമായിരുന്നു സതീഷ് കുമാറിന്. ബോക്സര്‍ എന്നതിലുപരി ഒരു സൈനികന്‍ കൂടിയായ അദ്ദേഹം തന്റെ രാജ്യത്തിന് വേണ്ടി മത്സരിക്കാന്‍ ഇറങ്ങുകയായിരുന്നു.

ക്വാര്‍ട്ടറില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ താരത്തിന്റെ പരുക്കിലിട്ട സ്റ്റിച്ച്‌ ഉണങ്ങിയിട്ടുണ്ടായിരുന്നില്ല. അത് വകവയ്ക്കാതെയാണ് താരം ലോക ചാമ്ബ്യനായ ഉസ്‌ബൈക്കിസ്ഥാന്റെ ബാക്കോദിര്‍ ജാലോലോവിനെതിരായ പോരാട്ടത്തിന് ഇറങ്ങിയത്. മത്സരത്തില്‍ ഉസ്ബെക് താരത്തോട് 5-0 എന്ന നിലയില്‍ താരം തോറ്റു. പക്ഷെ ഇത്രയും വെല്ലുവിളികള്‍ ഉണ്ടായിട്ടും റിങ്ങില്‍ ഇറങ്ങി പോരാടിയ അദ്ദേഹത്തിന് തോല്‍വിയിലും തല ഉയര്‍ത്തിപ്പിടിച്ച്‌ അഭിമാനത്തോടെ മടങ്ങാം. തന്റെ അരങ്ങേറ്റ ഒളിമ്ബിക്സ് ആയിരുന്നിട്ട് കൂടി അതിന്റെ ഒരു പകപ്പുമില്ലാതെയാണ് താരം ഇതുവരെയുള്ള മത്സരങ്ങളില്‍ പോരാടിയത്. സതീഷ് കുമാറിന്റെ തോല്‍വി ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും നിരാശ പകര്‍ന്നെങ്കിലും താരത്തിന്റെ പോരാട്ടവീര്യം ആരാധകരുടെ മനസ്സ് കീഴടക്കി. മുറിവിലിട്ട ഏഴ് സ്റ്റിച്ചുകളും കണ്ണിലെ പരുക്കും വകവെക്കാതെ ലോക ചാമ്ബ്യനെ നേരിട്ട താരത്തെ അവര്‍ നെഞ്ചിലേറ്റിയാണ് സ്വീകരിക്കുന്നത്. താരത്തിന്റെ നിശ്ചയദാര്‍ഢ്യത്തെയും പോരാട്ടവീര്യത്തെയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. പരുക്കുകള്‍ പറ്റിയിട്ടും അത് വകവെക്കാതെ പോരാടിയ ഇന്ത്യന്‍ താരത്തോട് തലയുയര്‍ത്തി തന്നെ നാട്ടിലേക്ക് മടങ്ങി വരാനാണ് ഇന്ത്യന്‍ ആരാധകര്‍ ആവശ്യപ്പെടുന്നത്.
ബോക്സിങ്ങില്‍ 91 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തിലാണ് ഇന്ത്യയുടെ മെഡല്‍ പട്ടികയിലേക്ക് ഒരു മെഡല്‍ കൂടി ചേര്‍ക്കാനുള്ള പോരാട്ടത്തിന് വേണ്ടി സതീഷ് കുമാര്‍ ഇറങ്ങിയത്. ഉസ്‌ബൈക്കിസ്ഥാന്‍ താരം ബാക്കോദിര്‍ ജാലോലോവിനെ നേരിട്ട താരത്തിന് 5-0 ത്തിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ലോക – ഏഷ്യന്‍ ചാമ്ബ്യനായ ജലലോവിന്റെ മികവിന് മുന്നില്‍ പതറാതെ പോരാടിയെങ്കിലും ജയം കൊണ്ടുവരാന്‍ സതീഷ് കുമാറിന് കഴിഞ്ഞില്ല.

ഇന്ത്യക്ക് വേണ്ടി ഹെവിവെയ്റ്റ് ഇനത്തില്‍ മത്സരിക്കുന്ന ആദ്യ ബോക്സര്‍ കൂടിയാണ് സതീഷ് കുമാര്‍.
കഴിഞ്ഞ മത്സരത്തിലേറ്റ പരിക്ക് കാരണം സതീഷ് കുമാര്‍ കളിക്കുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടയായിരുന്നു. ഇന്ന് ഡോക്ടര്‍മാര്‍ നല്‍കിയതോടെയാണ് താരം കളിക്കാന്‍ ഇറങ്ങിയത്.

സതീഷ് കുമാര്‍ കൂടി തോറ്റ് പുറത്തായതോടെ ഒളിമ്ബിക്സില്‍ പുരുഷവിഭാഗം ബോക്സിങ്ങില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. മനീഷ് കൗശിക്, വികാസ് കൃഷ്‌ണന്‍, ആശിഷ് കുമാര്‍ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തായിരുന്നു. ബോക്സിങ്ങില്‍ വനിതാ വിഭാഗത്തില്‍ മത്സരിക്കുന്ന ലവ്‌ലിന ബോര്‍ഗോഹെയ്നിലാണ് ഇന്ത്യയുടെ പ്രതീക്ഷ. വെല്‍റ്റര്‍വെയ്‌റ്റ്‌ വിഭാഗത്തില്‍ താരം സെമിയില്‍ എത്തി മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button