India

ഇ-റുപീ പ്രവർത്തനം ഇങ്ങനെ ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

“Manju”

നമ്മുടെ രാജ്യത്തെ ഡിജിറ്റൽ ഇന്ത്യ പദ്ധതികളിൽ നിർണ്ണായകമായ ഒരു ചുവടുവയ്പാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ രാജ്യത്തിനു സമർപ്പിച്ച ” ഇ- റുപ്പീ ”. e – Rupee എന്നു പേരുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇത് ഇ – വൗച്ചർ ആണ്. സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും സബ്സിഡികളും കൃത്യമായും ഗുണഭോക്താക്കൾക്കു തന്നെ കിട്ടാനും അവ അനായാസമായി ഉപയോഗിക്കാൻ വേണ്ട സാഹചര്യമൊരുക്കാനും വേണ്ടിയാണ് ഇ- റുപ്പീ വികസിപ്പിച്ചെടുത്തത്. സർക്കാർ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്‌ക്കുമ്പോൾ അത് എ ടി എമ്മിൽ പോയി എടുക്കാനും, കാർഡുപയോഗിച്ച് ചെലവാക്കാനുമെല്ലാം സാധാരണയിൽ സാധാരണക്കാർക്ക് ബുദ്ധിമുട്ടു നേരിട്ടിരുന്നു. അതിനു പരിഹാരവും കൂടിയാണ് ഇ- റുപ്പീ.

ഈ സാങ്കേതിക വിദ്യ പ്രകാരം സർക്കാരിന്റെ സബ്സിഡികളും സ്കോളർഷിപ്പുകളും ചികിത്സാ സഹായങ്ങളുമെല്ലാം ഒരു QR കോഡ് വൗച്ചറായി നിങ്ങൾക്ക് ഫോണിൽ ലഭിക്കും. ഗുണഭോക്താക്കൾക്ക് ചെലവാക്കേണ്ടിടത്തു ആ വൗച്ചർ കാണിച്ചാൽ മാത്രം മതിയാവും. ബാങ്കിൽ പോവാനോ പണമെടുക്കാനാേ ഒന്നും മെനക്കെടേണ്ടതില്ല.

ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്നു നോക്കാം.

ഉദാഹരണത്തിന് വളം സബ്സിഡിയായി കേന്ദ്ര മന്ത്രാലയം ആയിരം രൂപ കർഷകനു നൽകണം എന്നിരിക്കട്ടെ.നിലവിൽ കർഷകൻ വളക്കടയിൽ പോയി ആധാർ പഞ്ച് ചെയ്തു വളം വാങ്ങിയ ശേഷം ബാങ്കിലേക്ക് ആയിരം രൂപ സബ്സിഡി വരികയാണു ചെയ്യുക. അതിനു പകരം കർഷകന്റെ ഫോണിൽ ഒരു SMS സ്ട്രിങ് ആയോ, QR കോഡ് ആയോ ആയിരം രൂപയുടെ വൗച്ചർ കർഷകന്റെ ബാങ്കുവഴി എത്തുന്നു. കർഷകൻ ഈ വൗച്ചർ (QR കോഡ് ) വളക്കടയിൽ കാണിക്കുമ്പോൾ ആയിരം രൂപ കടക്കാരന്റെ അക്കൗണ്ടിലേക്ക് പോവുന്നു. ആ തുക ബില്ലിൽ കുറവു ചെയ്തു കിട്ടുന്നു. അതായത് നമ്മൾ Sodexo വൗച്ചർ ഒക്കെ ഉപയോഗിക്കുന്നതു പോലെ തന്നെയാണിത്.

ഇത് നമ്മുടെ രാജ്യത്തെ പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. മൊബൈൽ നമ്പറിനെ ആധാരമാക്കിയാണ് ഈ പദ്ധതി വഴി വൗച്ചറുകൾ (പണം ) വിതരണം ചെയ്യപ്പെടുക. അതിനാൽ സ്വന്തം ഫോൺ നമ്പർ കൃത്യമായി രജിസ്റ്റർ ചെയ്യാനും നിലനിർത്താനും ശ്രദ്ധിക്കണം. ഇ- വൗച്ചറുകൾ എങ്ങനെ ഉപയോഗിക്കണം എന്നു മനസിലാവാത്തവരെ പറ്റിക്കാൻ തട്ടിപ്പു സംഘങ്ങൾ വ്യാപകമായി ഇറങ്ങാൻ സാധ്യതയുണ്ട്. അതിനാൽ കരുതിയിരിക്കുക. നിങ്ങളുടെ ചുറ്റുവട്ടത്തുള്ളവരെയൊക്കെ ഒന്നു പറഞ്ഞു മനസിലാക്കുക.

Related Articles

Back to top button