KeralaLatest

ശ്വാസകോശത്തില്‍ പേനയുടെ ഭാഗം: ചികിത്സിച്ചത് 18 വര്‍ഷം

“Manju”

കൊച്ചി: സ്‌കൂളില്‍ പഠിക്കുമ്പോള്‍ അബദ്ധത്തില്‍ വിഴുങ്ങിയ പേനയുടെ ഭാഗം 18 വര്‍ഷത്തിന് ശേഷം പുറത്തെടുത്തു. യുവാവിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു പേനയുടെ ഭാഗം. ആലുവ പൊയ്‌ക്കാട്ടുശ്ശേരി സ്വദേശിയായ സൂരജിന്റെ ശ്വാസകോശത്തിലാണ് പേനയുടെ ഭാഗം കുടുങ്ങിയത്. സൂരജ് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് പേനയുടെ നിബ്ബിനോട് ചേര്‍ന്നുള്ള ഭാഗം വിഴുങ്ങിയത്.

പേന ഉപയോഗിച്ച്‌ വിസിലടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. അന്നുതന്നെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ എക്‌സ്‌റേ പരിശോധന നടത്തിയെങ്കിലും ശ്വാസകോശത്തില്‍ ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ നാളുകള്‍ക്കു ശേഷം സൂരജിന് വിട്ടുമാറാത്ത ചുമയും ശ്വാസംമുട്ടലും കഫക്കെട്ടുമെല്ലാം അനുഭവപ്പെട്ടു തുടങ്ങി. ഇത് ആസ്ത്മയാണെന്നു കരുതി സമീപത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 18 വര്‍ഷത്തോളമായി ആസ്ത്മയ്‌ക്കുള്ള മരുന്നുകള്‍ കഴിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അപ്പോളോ ആശുപത്രിയിലെ പള്‍മണോളജിസ്റ്റ് ഡോ. അസീസിന്റെ നിര്‍ദേശപ്രകാരം നടത്തിയ സി.ടി. സ്‌കാന്‍ പരിശോധനയിലാണ് ശ്വാസകോശത്തില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്‌ദ്ധ പരിശോധനയ്‌ക്കായി ഡോ. അസീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സൂരജ് അമൃത ആശുപത്രിയിലേക്ക് എത്തുകയായിരുന്നു.

താരതമ്യേന സങ്കീര്‍ണമായ റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെ പേനയുടെ ഭാഗം പുറത്തെടുത്തു. ശസ്ത്രക്രിയ കൂടാതെയാണ് പേനയുടെ ഭാഗം പുറത്തെടുത്തത്. ശ്വാസംമുട്ടല്‍, വിട്ടുമാറാത്ത ചുമ, കഫക്കെട്ട് എന്നീ ലക്ഷണങ്ങള്‍ എല്ലായ്‌പ്പോഴും ആസ്ത്മയുടേത് ആയിരിക്കണമെന്നില്ലെന്നും ഇത്തരത്തില്‍ ശ്വാസകോശത്തിനുള്ളില്‍ വസ്തുക്കള്‍ കുടുങ്ങിയും ഇവയുണ്ടാകാമെന്നും ഡോ. ടിങ്കു വ്യക്തമാക്കി. സൂരജ് നിലവില്‍ നിരീക്ഷണത്തിലാണ്.

Related Articles

Back to top button