KeralaLatest

സനാതന ധര്‍മ്മത്തിന് ഊടുംപാവും നല്‍കിയ മഹാനാണ് ചട്ടമ്പി സ്വാമികള്‍ – ഗോവ ഗവര്‍ണര്‍ ശ്രീധരൻ പിള്ള

“Manju”

തിരുവനന്തപുരം : ഇന്ത്യയുടെ തനതായ സംസ്കാരമായ സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ശിലകള്‍ പാകിയത് ചട്ടമ്പി സ്വാമികളെപ്പോലെയുളള മഹത്തുക്കളാണ് എന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരൻപിള്ള. രാവിലെ 10 മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹാളിലെ സൊണാറ്റ ഹാളില്‍ നടന്ന ചട്ടമ്പി സ്വാമി ജയന്തി പുരസ്കാരം സമര്‍പ്പണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതയിലും വൈജ്ഞാനികതയിലും അഗാധ പാണ്ഡിത്യമുള്ളയാളായിരുന്നു ചട്ടമ്പി സ്വാമികള്‍. അദ്ദേഹത്തിന്റെ രചനകള്‍ ഭാരതീയ സംസ്കാരം വിളിച്ചോതുന്ന മകുടോദാഹരണങ്ങളായി മാറി. നവോത്ഥാന കാലഘട്ടത്തില്‍ മാത്രമല്ല ആധുനീക കാലഘട്ടത്തിലും ചട്ടമ്പിസ്വാമികളുടെ വാക്കുകള്‍ക്കും സന്ദേശങ്ങള്‍ക്കും ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തിന് മുന്‍പേ നടന്ന മഹാമനീഷിയായിരുന്നു ചട്ടമ്പി സ്വാമികളെന്ന് ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തിയ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. ചട്ടമ്പി സ്വാമികളെപ്പോലെയുള്ളവരെ സാമൂഹ്യപരിഷ്കര്‍ത്താവായല്ല മറിച്ച് അവതാരപുരുഷന്മാരായി കാണണം. ഓരോ കാലഘട്ടത്തിലും ധര്‍മ്മം ക്ഷയിക്കുന്ന സമയത്ത് ദൈവത്തിന്റെ പ്രതിപുരുഷന്മാരായി നമ്മുടെയിടയില്‍ വരുന്നവരാണ് ഗുരുക്കന്മാരെന്ന് സ്വാമി പറഞ്ഞു. ഈ വര്‍ഷത്തെ ചട്ടമ്പി സ്വാമി പുരസ്കാരം ശബരിമല തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് രാജീവര്‍ക്ക് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള സമ്മാനിച്ചു. എം.എല്‍.എ. കടകംപള്ളി സുരേന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. മുൻ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രൻ നായര്‍ ഐ.എ.എസ്. പുരസ്കാര ജൂറി പരാമര്‍ശം നടത്തി. ചട്ടമ്പി സാംസ്കാരിക സമിതി വൈസ് പ്രസിഡന്റ് പ്രൊഫ. ഡോ. ശ്രീവത്സൻ നമ്പൂതിരി പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ശിവസേന രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രൻ, ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കരമന ജയൻ, കെ.എച്ച്.എന്‍.എ. ടെക്സസ് കണ്‍വൻഷൻ ചെയര്‍മാൻ രഞ്ജിത്ത് പിള്ള, യു.ഡി.എഫ്. ജില്ല കണ്‍വീനര്‍ പി.കെ. വേണുഗോപാല്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ചട്ടമ്പി സ്വാമി സാംസ്കാരിക സമിതി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ സ്വാഗതവും കേരള ക്ഷേത്ര സംരക്ഷണ സമിതി മെമ്പര്‍ മുക്കം പാലമൂട് രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button