IndiaLatest

കിരണിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

“Manju”

തിരുവനന്തപുരം: സ്‌ത്രീധന പീഡനത്തെ തുട‌ര്‍ന്ന് വിസ്‌മയയുടെ മരണത്തില്‍ പ്രതിയായ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പില്‍ അസിസ്‌റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്‌ടറുമായ കിരണ്‍കുമാറിനെ(30) സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് വിവരം അറിയിച്ചത്.
കിരണിന് പെന്‍ഷന്‍ പോലും നല്‍കില്ലെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ നടപടിയെന്നും മന്ത്രി പറഞ്ഞു. കേരള സിവില്‍ സര്‍വീസ് റൂള്‍സ് 1960 പ്രകാരമാണ് ഈ നടപടി.  ജൂണ്‍ 21നാണ് കൊല്ലം ശൂരനാട്ടുള‌ള ഭര്‍ത്തൃവീട്ടില്‍ മരിച്ചനിലയില്‍ വിസ്‌മയയെ(24) കണ്ടെത്തിയത്. വിസ്‌മയയുടെ മരണം കൊലപാതകമാണെന്നും ഭര്‍ത്താവും ഭര്‍തൃമാതാവും വിസ്‌മയയെ മര്‍ദ്ദിച്ചിരുന്നതായും അന്നുതന്നെ വിസ്‌മയയുടെ മാതാപിതാക്കളും സഹോദരനും ആരോപിച്ചിരുന്നു.
കിരണിന്റെത് സ്‌ത്രീ വിരുദ്ധ പ്രവൃത്തിയും, സാമൂഹ്യവിരുദ്ധവും ലിംഗനീതിക്ക് നിരക്കാത്തതുമായ ഗുരുതരമായ നിയമലംഘനമാണെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. കൊല്ലം ശൂരനാട് പൊലീസ് സംഭവം നടന്നയുടന്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ കിരണിനെ ജൂണ്‍ 22ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. തുടര്‍ന്ന് 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
1960ലെ സിവില്‍ സ‌ര്‍വീസ്ചട്ടത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിലെ 93(ഇ) അനുസരിച്ച്‌ സ്‌ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ലെന്നതിന്റെ ലംഘനം കിരണ്‍ നടത്തിയതായി കണ്ടെത്തി. സര്‍ക്കാര്‍ സര്‍വീസിലെ ഒരു ഉദ്യോഗസ്ഥന്‍ സ്‌ത്രീധന പീഡനം നടത്തിയതിനെ തുടര്‍ന്ന് ഭാര്യ മരണപ്പെട്ട കാരണം കൊണ്ട് സര്‍വീസില്‍ നിന്നും പിരിച്ചുവിടപ്പെടുന്നത് ഇതാദ്യമാണ്.

Related Articles

Back to top button