India

ഭീകരർക്ക് തിരിച്ചടി നൽകി അഫ്ഗാൻ സൈന്യം

“Manju”

കാബൂൾ : താലിബാൻ ഭീകരരെ കൊന്നൊടുക്കി അഫ്ഗാൻ സൈന്യം. വടക്കൻ ജോജ്വാൻ പ്രവിശ്യയിലെ ഷിബർഗാൻ നഗരത്തിലാണ് ഭീകരർക്ക് സൈന്യം കനത്ത തിരിച്ചടി നൽകിയത്. അഫ്ഗാൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 40 താലിബാൻ ഭീകരരാണ് കൊല്ലപ്പെട്ടത്. 15 ഭീകരരെ പിടികൂടുകയും ചെയ്തു. അഫ്ഗാൻ പ്രതിരോധ സേനയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഷിബർഗാൻ നഗരത്തിൽ സാധാരണക്കാർക്ക് നേരെ ആക്രമണം നടത്തിയ താലിബാൻ ഭീകരരെ സൈന്യം പ്രത്യാക്രമണത്തിലൂടെ തകർക്കുകയായിരുന്നു. യുദ്ധവിമാനങ്ങളുടെ പിന്തുണയോടെയായിരുന്നു സൈന്യത്തിന്റെ ആക്രമണം. പ്രദേശത്തെ വീടുകളിൽ കയറി ഒളിച്ചിരിക്കുന്ന താലിബാൻ ഭീകരർ സാധാരണക്കാരെ മറയാക്കിയാണ് ആക്രമണം നടത്തിയത് എന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. അതിനാൽ പ്രദേശത്ത് നിന്നും ഭീകരർ പിൻവാങ്ങുന്നത് വരെ പ്രത്യാക്രമണം നടത്താനാണ് അഫ്ഗാൻ സേനയുടെ തീരുമാനം.

വെള്ളിയാഴ്ചയോടെയാണ് താലിബാൻ ഭീകരർ ഷിബർഗാൻ നഗരത്തിൽ കയറിയത്. തുടർന്ന് വ്യാപക അക്രമം അഴിച്ചുവിട്ട ഭീകരർ പ്രദേശം പിടിച്ചടക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ തുടർച്ചയായുള്ള പ്രത്യാക്രമണങ്ങളിലൂടെ സൈന്യം ഉടൻ തന്നെ പ്രദേശം തിരിച്ചുപിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ അഫ്ഗാൻ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ 94 ഭീകരരെ വധിച്ചു എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 24 മണിക്കൂറിനിടെ നടന്ന ഏറ്റുമുട്ടലിൽ 94 താലിബാൻ, അൽ ഖ്വായ്ദ ഭീകരരാണ് കൊല്ലപ്പെട്ടത്. 16 ഓളം ഭീകരർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

Related Articles

Back to top button