IndiaLatest

ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാര്‍ റിമാന്‍ഡില്‍

“Manju”

ഇ ബുൾജെറ്റ് വ്ളോഗർമാർ റിമാൻഡിൽ; 14 ദിവസം കണ്ണൂർ സബ്​ ജയിലിൽ - Samakalika Malayalam
കണ്ണൂര്‍: വാന്‍ ലൈഫ് യുട്യൂബ് ചാനലായ ഇ-ബുള്‍ജെറ്റിന്റെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തതതിനെ തുടര്‍ന്ന് കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെത്തി ബഹളംവച്ച വ്ളോഗര്‍മാരായ ലിബിന്‍, എബിന്‍ എന്നിവര്‍ റിമാന്‍ഡില്‍. ഉദ്യോഗസ്ഥര്‍ തങ്ങളെ മര്‍ദ്ദിക്കുന്നു എന്നാക്രോശിച്ച്‌ തത്സമയം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ ഇവര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തു.
ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാരുടെ ട്രാവലര്‍ കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെ കണ്ണൂര്‍ എംവിഡി ഓഫീസില്‍ എത്താന്‍ ഇരുവര്‍ക്കും നോട്ടീസും നല്‍കി. വാഹനം കസ്റ്റഡിയിലെടുത്ത വിവരം ഇന്നലെ തന്നെ യൂടൂബിലൂടെ അറിയിച്ച ഇവര്‍ എംവിഡി ഓഫീസിലേക്ക് എത്താന്‍ ഫോളോവേഴ്സിനോട് ആഹ്വാനം ചെയ്തു. രാവിലെ ഒമ്പത് മണിയോടെ ഇവിടെ എത്തിയ സഹോദരങ്ങളോട് നികുതി കുടിശ്ശികയും, രൂപ മാറ്റം വരുത്തിയതിന്റെ പിഴയും ഉള്‍പ്പടെ 42,400 രൂപ ഒടുക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആവശ്യപ്പെട്ടു.
പിഴ ഒടുക്കാന്‍ വിസമ്മതിച്ച ഇവര്‍ ഓഫീസില്‍ വെച്ച്‌ സമൂഹമാധ്യമങ്ങളില്‍ വൈകാരികമായി ലൈവ് വീഡിയോ ചെയ്തു. തുടര്‍ന്ന് യൂട്യൂബര്‍മാരുടെ ഫോളോവേഴ്സ് ഓഫീസ് പരിസരത്ത് തടിച്ച്‌ കൂടി. പിന്നാലെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ലിബിനെയും എബിനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പ്രമോദ് കുമാറിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കല്‍, കൊവിഡ് മാനദണ്ഡ ലംഘനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കുന്നതിനിടയിലും നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കള്ള കേസില്‍ കുടക്കിയെന്ന് വ്ലോഗര്‍മര്‍ കോടതിയില്‍ പറഞ്ഞു. വീ‍ഡിയോ കോണ്‍ഫറന്‍സ് വഴി മുന്‍സിഫ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button