KeralaLatest

സഞ്ചാരികളെ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ച്‌​ അധികൃതര്‍

“Manju”

അതിരപ്പിള്ളി: അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രവും തുമ്പൂര്‍മുഴി ഉദ്യാനവും സഞ്ചാരികള്‍ക്കായി തുറന്നു. ചാര്‍പ്പ, വാഴച്ചാല്‍, മലക്കപ്പാറ മേഖലയിലേക്ക് യാത്രക്കാരെ കടത്തി വിട്ടില്ല. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ചെറിയ മ്ളാനത അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നിരുന്നുവെങ്കിലും അതിരപ്പിള്ളി വെള്ളച്ചാട്ടവും തുമ്പൂര്‍മുഴിയും മണ്‍സൂണ്‍ കാലത്തിന്‍റെ വര്‍ധിച്ച മനോഹാരിതയില്‍ തന്നെയായിരുന്നു.അതിരപ്പിള്ളിയില്‍ വെള്ളച്ചാട്ടത്തിന്റെ ആരവവും തുമ്പൂര്‍മുഴിയിലെ തൂക്കുപാലത്തില്‍ നിന്നുള്ള ദൃശ്യങ്ങളും സഞ്ചാരികളുടെ മനസ്സിനെ ഉണര്‍ത്തി. കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനാല്‍ രണ്ടിടത്തും സഞ്ചാരികളുടെ എണ്ണം പതിവിലും കുറവായിരുന്നു. അതിരപ്പിള്ളിയില്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ആരും എടുത്തിരുന്നില്ല. ആദ്യ ദിവസമായ ചൊവ്വാഴ്ച നേരിട്ട് കൗണ്ടറില്‍ നിന്ന് 549 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. സഞ്ചാരികളുമായി ടൂറിസ്റ്റ് ബസ്സുകള്‍ ഒന്നും എത്തിയില്ല. എല്ലാം കാറുകളും ടൂവീലറുകളും മാത്രം. 126 കാറുകളും 92 ടൂവീലറുമാണ് സഞ്ചാരികള്‍ എത്തിയത്.

ലക്ഷകണക്കിന് രൂപ വരുമാനം ലഭിക്കുന്ന സ്ഥാനത്ത് ചൊവ്വാഴ്ച 25,800 രൂപ മാത്രമാണ് വനം വകുപ്പിന് ലഭിച്ചത്. തുമ്പൂര്‍മുഴിയില്‍ 200 ഓളം സന്ദര്‍ശകരാണ് ഉണ്ടായിരുന്നത്. സാധാരണ ഗതിയില്‍ 500 ല്‍ പരം സന്ദര്‍ശകര്‍ പ്രതിദിനം ഇവിടെ എത്താറുണ്ട്​. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാല് മണി വരെയാണ് പ്രവേശനം നല്‍കിയത്. ആര്‍.ടി.പി.സി.ആര്‍, അതത് ദിവസത്തെ ആന്‍റിജന്‍ ടെസ്റ്റ് തുടങ്ങിയവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതിന് ശേഷമാണ് സഞ്ചാരികളെ കടത്തി വിട്ടത്.തുമ്പൂര്‍മുഴി ഉദ്യാനത്തില്‍ രാവിലെ എത്തിയ സഞ്ചാരികള്‍ക്ക് ലളിതമായ സ്വീകരണമൊരുക്കിയിരുന്നു. നിലമ്പൂരില്‍ നിന്നെത്തിയ നൂഹിനെയും കുടുംബത്തെയും പൂച്ചെണ്ടുകള്‍ നല്‍കി ആദ്യമായി പ്രവേശിപ്പിച്ചു.

Related Articles

Back to top button