IndiaLatest

കേരളത്തില്‍ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടില്ല

“Manju”

ന്യൂഡല്‍ഹി: കേരളത്തില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ 88 മുതല്‍ 90 ശതമാനം കേസുകളും ഡെല്‍റ്റയാണ്. പുതിയ വകഭേദങ്ങളൊന്നും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

പ്രമേഹ രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനയും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ പിന്തുടരുന്നതിലെ അലസതയും കേസുകള്‍ കൂടി വരുന്നതിന്റെ കാരണമായി കേരളം സന്ദര്‍ശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രായമേറിയവരുടെ എണ്ണം കേരളത്തില്‍ കൂടുതലാണെന്ന കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു. ഒരു തവണ കോവിഡ് ബാധിച്ചവരില്‍ വീണ്ടും രോഗം ബാധിക്കുന്നതിന്റെ വിവരങ്ങളും സംഘം ശേഖരിച്ചതായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡോ.സുജീത്ത് സിങ് പറഞ്ഞു. പോസിറ്റീവായവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിന്റെ തോത് കൂടുന്നതും പ്രതിദിന കേസുകളുടെ എണ്ണം കൂടാന്‍ കാരണമാകുന്നുണ്ട്.

ജില്ലാ ഭരണക്കൂടങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം പത്തനംത്തിട്ടയില്‍ ഒരു ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച 14,974 പേര്‍ വീണ്ടും രോഗബാധിതരായി. ഇതില്‍ 5042 പേര്‍ രണ്ടു ഡോസും സ്വീകരിച്ചവരാണ്. ഇത്തരത്തില്‍ വീണ്ടും രോഗം ബാധിക്കാനുള്ള കാരണം കേന്ദ്ര സംഘം അന്വേഷിച്ചു വരികയാണ്.

Related Articles

Back to top button