InternationalLatestSports

പി ആര്‍ ശ്രീജേഷിന് രണ്ടു കോടി രൂപയും പ്രൊമോഷനും -സംസ്ഥാന സര്‍ക്കാര്‍

“Manju”

ടോക്കിയോ:  ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ വന്മതിലായ ഗോള്‍കീപ്പര്‍ മലയാളി താരം പി ആര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. രണ്ടു കോടി രൂപയും ജോലിയില്‍ പ്രൊമോഷനുമാണ് ശ്രീജേഷിന് ലഭിക്കുക. കായിക മന്ത്രി വി അബ്ദുള്‍റഹ്മാനാണ് താരത്തിന് പാരിതോഷികം പ്രഖ്യാപിച്ചത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം. വിദ്യാഭ്യാസവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്തുള്ള ശ്രീജേഷിന് ജോയിന്റ് ഡയക്ടറായാണ് പ്രൊമോഷന്‍ നല്‍കിയിരിക്കുന്നത്. ഇത് കൂടാതെ ഒളിംപിക്സില്‍ പങ്കെടുത്ത എല്ലാ മലയാളി താരങ്ങള്‍ക്കും അഞ്ചു ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കേണ്ടതിനാലാണ് താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കാന്‍ ഇത്രയും വൈകിയതെന്ന് കായികമന്ത്രി പറഞ്ഞു. ഒളിംപിക്‌സ് മെഡലുകള്‍ നേടിയ താരങ്ങള്‍ക്ക് മറ്റു സംസ്ഥാനങ്ങള്‍ നേരത്തെ അനവധി പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും ശ്രീജേഷിന് കേരള സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കാന്‍ ഇത്രയും താമസിച്ചതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നാല് പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യ ഒളിംപിക്‌സ് ഹോക്കിയില്‍ ഒരു മെഡല്‍ നേടുന്നത്. ആ മെഡല്‍ നേട്ടത്തില്‍ മികച്ച പ്രകടനത്തിലൂടെ ഗോള്‍വല കാക്കാന്‍ നിര്‍ണായക പങ്കാണ് ശ്രീജേഷ് വഹിച്ചത്.

Related Articles

Back to top button