IndiaInternationalLatest

മലയാളി ശാസ്ത്രജ്ഞന്‍ ഗിരീഷ് പണിക്കര്‍ക്ക് ഫെലോഷിപ്പ്

“Manju”

മിസിസിപ്പി: മലയാളി ശാസ്ത്രജ്ഞന്‍ ഗിരീഷ് പണിക്കര്‍ക്ക് മിസിസിപ്പി അക്കാദമി ഓഫ് സയന്‍സസിന്റെ (MAS) ആദരം. MASല്‍ 1991 മുതല്‍ അംഗമായ അദ്ദേഹം ശാസ്ത്രരംഗത്ത് നല്‍കിയ സംഭാവനകള്‍ക്കാണ് ഈ ആദരവ്. വിവിധ തലങ്ങളില്‍ അംഗങ്ങള്‍ കാഴ്ചവയ്ക്കുന്ന മികവിനെ മാനിച്ച്‌ അക്കാദമി നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണിത്.
MASന്റെ 85 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായി, പ്രഗത്ഭരായ ഏതാനും ശാസ്ത്രജ്ഞരെ FMAS (ഫെലോ ഓഫ് മിസിസിപ്പി അക്കാദമി ഓഫ് സയന്‍സസ്) നല്‍കി ആദരിച്ചത്. ശാസ്ത്ര സാങ്കേതിക മേഖലയില്‍ 30 വര്‍ഷത്തിലേറെയായി മികച്ച സംഭാവന നല്‍കിയവരെ മാത്രമാണ് ഈ വര്‍ഷം ആദരിച്ചത്. മലയാളിയായ ഗിരീഷ് കെ.പണിക്കര്‍, ഫെലോഷിപ്പ് നേടിയവരില്‍ ഉള്‍പ്പെടുന്നു എന്നത് ലോകമലയാളികള്‍ക്ക് അഭിമാനകരമായ നേട്ടമാണ്.
സംസ്ഥാനത്തെ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയര്‍മാരുടെയും ഉയര്‍ന്നശ്രേണിയില്‍ സ്ഥാനം പിടിക്കുന്ന ഈ പ്രത്യേക പദവി, ഓരോ വര്‍ഷവും 0.3 ശതമാനം അംഗങ്ങളെ മാത്രമേ തേടിയെത്തൂ. മിസിസിപ്പിയിലെ സെന്റര്‍ ഫോര്‍ കണ്‍സര്‍വേഷന്‍ റിസര്‍ച്ചിന്റെ പ്രൊഫസറും ഡയറക്ടറുമായ പണിക്കര്‍, ബ്ലൂബെറിയിലെ വിറ്റാമിന്‍ സി-യുടെയും ആന്റി-ഓക്സിഡന്റുകളുടെയും അളവ് ഉയര്‍ത്തുന്ന ഗവേഷണത്തിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ പ്രസിദ്ധി നേടിയത്.
2020 ലെ ലൈഫ് ടൈം ഓര്‍ഗാനിക് അച്ചീവ്‌മെന്റ് അവാര്‍ഡ് ജേതാവായ പണിക്കര്‍, ഇന്ത്യയില്‍ നിന്നുള്ള ‘ഭാരത് ഗൗരവ്’ ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്. കാര്‍ഷികശാസ്ത്രത്തില്‍ ഇന്ത്യയില്‍ നിന്ന് ബിരുദവും അമേരിക്കയില്‍ നിന്ന് ബിരുദാനന്തരബിരുദവും ഹോര്‍ട്ടികള്‍ച്ചറല്‍ സയന്‍സില്‍ (യുഎസ്‌എ) പിഎച്ച്‌ഡിയും നേടിയിട്ടുണ്ട്. നിരവധി സംഘടനകളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുള്ള പണിക്കര്‍, MASന്റെ കാര്‍ഷിക വിഭാഗത്തില്‍ രണ്ടു തവണ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ, വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോഴഞ്ചേരി വി.കെ. പത്മനാഭന്റെ (തിരുവനന്തപുരം) മകള്‍ റാണിയാണ് ഗിരീഷ് പണിക്കരുടെ ഭാര്യ. ഏക പുത്രി: ജെം പണിക്കര്‍. തിരുവനന്തപുരത്ത് സുകുമാര പണിക്കരുടെയും പങ്കജം പണിക്കരുടെയും മകനാണ്.

Related Articles

Back to top button