IndiaLatest

സൈനിക വിഭാ​ഗങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കും; പ്രധാനമന്ത്രി

“Manju”

ഡല്‍ഹി: എല്ലാ സൈനിക വിഭാ​ഗങ്ങളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് സ്വാതന്ത്ര്യ ദിന പ്രസം​ഗത്തില്‍ നരേന്ദ്ര മോദി. സൈനിക് സ്കൂളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ തീരുമാനിച്ചതായി നരേന്ദ്ര മോദി അറിയിച്ചു. നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ 75 വന്ദേഭാരത് ട്രെയിന്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുഴുവന്‍ പൗരന്മാരെയും രാജ്യത്തിന്റെ വികസന പദ്ധതികളില്‍ പങ്കാളികളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ച ചരിത്രത്തില്‍ എല്ലാ വിഭാ​ഗം ജനങ്ങളുടേയും പങ്ക് രേഖപ്പെടുത്തുമെന്നും ഒരു പൗരന്‍ പോലും മാറ്റിനിര്‍ത്തപ്പെടില്ലെന്ന് ഉറപ്പ് വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യ സുരക്ഷ ഉറപ്പാക്കാന്‍ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുമെന്നും സ്വാതന്ത്ര്യ ദിന പ്രസം​ഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചു. ഒളിമ്ബിക്സ് നേട്ടം കൈവരിച്ച കായികതാരങ്ങളെ കൈയടിച്ച്‌ അനുമോദിച്ച പ്രധാനമന്ത്രി മെഡല്‍ ജേതാക്കളെ മുക്തകണ്ഠം പ്രശംസിച്ചു. ഇന്ത്യന്‍ കായിക താരങ്ങള്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിപിടിച്ചുവെന്നും വരും തലമുറയെ പ്രചോദിപ്പിക്കുന്ന നേട്ടമാണ് ഒളിമ്പിക്സില്‍ ഇന്ത്യ കൈവരിച്ചതെന്നും മോദി പറഞ്ഞു.

പ്രതിസന്ധിഘട്ടത്തില്‍ രക്ഷകരായെത്തിയ ആരോ​ഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക അഭിനന്ദനവും പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസം​ഗത്തില്‍ ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ രാജ്യം കനത്ത സുരക്ഷയിലാണ്. രാജ്യതലസ്ഥാനവും തന്ത്രപ്രധാനമേഖലളും രാജ്യാതിര്‍ത്തികളും മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളും അതീവ സുരക്ഷാവലയത്തിലാണ്. ഭീകരാക്രമണഭീഷണി മുന്‍നിര്‍ത്തി പ്രധാനമന്ത്രി പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയില്‍ മള്‍ട്ടി ലെവല്‍ സുരക്ഷ സംവിധാനം ആണ് ഒരുക്കിയിട്ടുള്ളത്. വൈകീട്ട് രാഷ്ട്രപതി രാജ്യത്തെ അഭിസമ്പോദന ചെയ്യും.

Related Articles

Back to top button