KeralaLatestThiruvananthapuram

ഓണം; ആശങ്കപ്പെട്ട് സര്‍ക്കാര്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശമിക്കാതെ തുടരുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു ഓണക്കാലം കൂടി എത്തിയതോടെ സര്‍ക്കാരും ആരോഗ്യവകുപ്പും ആശങ്കയിലായി. കഴി‌ഞ്ഞ തവണ ഓണത്തിന് ഉണ്ടായ കൊവിഡിന്റെ ഓണം ക്ളസ്‌റ്ററിന് സമാനമായി ഇത്തവണയും ക്ളസ്‌റ്റര്‍ ഉണ്ടാകാനുള്ള സാദ്ധ്യത ആരോഗ്യ വകുപ്പ് മുന്നില്‍ കാണുന്നു, അതിനിടെയാണ് സെപ്തംബര്‍ ആകുമ്പോഴേക്കും സംസ്ഥാനത്ത് പുതിയതായി നാല് ലക്ഷം കൊവിഡ് രോഗികള്‍ ഉണ്ടായാക്കേമെന്ന റിപ്പോര്‍ട്ട് കൂടി പുറത്തുവരുന്നത്. ഓണക്കാലവും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവും കണക്കിലെടുത്ത് കേരളത്തില്‍ വരും ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ വന്‍തോതില്‍ ഉയരുമെന്ന് കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ തവണ ഓണത്തിന് ലോക്ക് ഡൗണ്‍ ആയിരുന്നു. എന്നാല്‍,​ ഓണക്കാലം അടുത്തതോടെ കൊവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കി. ഇളവ് വേണ്ടുവോളം മുതലാക്കിയ ജനം കൊവിഡ് പ്രോട്ടോക്കോള്‍ സൗകര്യപൂര്‍വം മറക്കുകയും ചെയ്തു. അതിന്റെ ഫലമായിരുന്നു പിന്നീട് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന. ഇത്തവണ ഓണത്തിന് മുമ്ബ് തന്നെ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയിട്ടുണ്ട്. മാത്രമല്ല,​ സംസ്ഥാനത്തെ ഇപ്പോഴത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 19,​000നും 22,​000നും ഇടയിലാണ്. ഓണം കഴിയുന്നതോടെ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്നാാണ് കണക്കാക്കുന്നത്.

നിലവില്‍ രാജ്യത്തെ പ്രതിദിന രോഗികളില്‍ പകുതിയും കേരളത്തിലാണ്. ഭീതി പടര്‍ത്തി കൊവിഡ് വ്യാപിച്ച മഹാരാഷ്ട്ര പോലും ഇപ്പോള്‍ കേരളത്തിന് പിന്നിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. സെപ്തംബര്‍ പകുതിയോടെ കേരളത്തിലെ കൊവിഡ് മരണനിരക്ക് രാജ്യത്തെ ആകെ മരണത്തിന്റെ 35 ശതമാനം ആകുമെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ജീവന്‍രക്ഷാ പ്രോജക്ടിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ആഗസ്‌റ്റ് 10ന് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരികരിച്ചവരുടെ എണ്ണം 35,86,693ഉം മരണസംഖ്യ 18,​004 ഉം ആയിരുന്നു. ഓണം കഴിയുന്നതോടെ ആക്ടീവ് കേസുകള്‍ 40 ലക്ഷത്തിലേക്കും മരണം നിരക്ക് 22,​000ന് അടുത്തേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ 1.50 ലക്ഷം പരിശോധനകള്‍ നടത്തുമ്പോള്‍ ടി.പി.ആ‍ര്‍ 14 ശതമാനമാണ്. കഴിഞ്ഞ ഓണത്തിന് ശേഷം രോഗികളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ദ്ധനയാണുണ്ടായത്. അന്ന് പ്രതിദിന കേസുകള്‍ 1800 ആയിരുന്നത് ഓണത്തിന് ശേഷം 7600 ലേക്ക് കുതിച്ചെത്തുകയായിരുന്നു.

Related Articles

Back to top button